തിരുവനന്തപുരം: ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യണമെന്ന് സ്വകാര്യ സര്‍വക ലാശാല കരട് ബില്‍. വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യത യുമുള്ള ഒരു സ്‌പോണ്‍സറിങ് ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.

സര്‍വ്വകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ യുജിസി, സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ന് മന്ത്രിസഭായോഗം അംഗീകരിച്ച കരട് ബില്ലില്‍ പറയുന്നു. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള കേരള സംസ്ഥാന സ്വകാര്യ സര്‍വ്വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 ലെ മറ്റു വ്യവസ്ഥകള്‍ ചുവടെ:
- വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്‌പോണ്‍സറിങ് ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.
- സര്‍വ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികള്‍ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.
- 25 കോടി കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണം.
- മള്‍ട്ടി-കാമ്പസ് യൂണിവേഴ്‌സിറ്റിയായി ആരംഭിക്കുകയാണെങ്കില്‍ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം.
- സര്‍വ്വകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ UGC, സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
- ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യും. ഇതില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.
7 പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസിളവ് / സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തും
അപേക്ഷാ നടപടിക്രമങ്ങള്‍
- വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സര്‍ക്കാരിന് സമര്‍പ്പിക്കുക
- ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉള്‍പ്പെടെ സര്‍വകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം
- നിയമത്തില്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.
- വിദഗ്ദ്ധ സമിതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യന്‍ (Chairperson), സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗണ്‍സിലിന്റെ നോമിനി. ആസൂത്രണ ബോര്‍ഡിന്റെ നോമിനി, സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടര്‍ (Members) എന്നിവര്‍ അംഗങ്ങളാകും.
- വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സര്‍ക്കാരിന് സമര്‍പ്പിക്കണം
- സര്‍ക്കാര്‍ അതിന്റെ തീരുമാനം സ്‌പോണ്‍സറിങ് ബോഡിയെ അറിയിക്കും
- നിയമസഭ പാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സര്‍വകലാശാലയെ നിയമത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും.
- സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് മറ്റ് പൊതു സര്‍വ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .