
ന്യൂഡൽഹി: സൂപ്പർ സൺഡേയിലെ ആദ്യ ഐപിഎൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ 158 റൺസിൻ്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്സ് ഉയർത്തിയത്. ഏഴ് പന്ത് ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം പൂർത്തിയാക്കി.
അതേസമയം ഫിൾ സോൾട്ടിനെ നേരത്തെ നഷ്ടമായെങ്കിലും കോഹ്ലിയും (73*) ദേവ്ദത്ത് പടിക്കലും (61) ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒരു റൺസെടുത്ത സോൾട്ടിനെ അർഷ്ദീപ് ജോഷ് ഇൻഗ്ലിസിൻ്റെ കൈകളിലെത്തിച്ചു. 54 പന്തിൽ ഒരു സിക്സും ഏഴ് ഫോറുകളും സഹിതമാണ് വിരാട് പുറത്താകാതെ 73 റൺസെടുത്തത്. പടിക്കൽ 35 പന്തിൽ നിന്നാണ് നാല് സിക്സും അഞ്ച് ഫോറും സഹിതം 61 റൺസെടുത്തത്. പഞ്ചാബിനായി അർഷ്ദീപും ഹർപ്രീതും യുസ്‌വേന്ദ്ര ചഹലും ഓരോ വിക്കറ്റെടുത്തു.
ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ മധ്യനിര പരാജയപ്പെട്ടതാണ് പഞ്ചാബിന് തിരിച്ചടിയായത്. ആർസിബി ബൗളർമാർ അവസരത്തിനൊത്ത് ഉയരുകയും ചെയ്തത് അവർക്ക് തിരിച്ചടിയായി. പ്രിയാംശ് ആര്യയും (22) പ്രഭ്‌സിമ്രാൻ സിങ്ങും (33) ചേർന്ന് ആദ്യ വിക്കറ്റിൽ 42 റൺസിൻ്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും, പിന്നീട് വന്നവരിൽ ജോഷ് ഇൻഗ്ലിസിനും (29) ശശാങ്ക് സിങ്ങിനും (31) മാർക്കോ ജാൻസണും (25) ഒഴികെ മറ്റാർക്കും സ്കോർ ബോർഡിൽ കാര്യമായി റണ്ണെത്തിക്കാനായില്ല.
32 പന്തുകൾക്കിടയിൽ നാല് വിക്കറ്റ് കൂടി വീഴ്ത്തി ആർസിബി ബൌളർമാർ തീ തുപ്പിയതോടെ പഞ്ചാബ് ബാറ്റർമാർ കൂടുതൽ വിരണ്ടു. നായകൻ ശ്രേയസ് അയ്യർക്ക് ആറ് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നേഹൽ വധേരയും അഞ്ച് റൺസെടുത്ത് പുറത്തായി. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യയും സുയാഷ് ശർമയും രണ്ട് വീതം വിക്കറ്റെടുത്തു.