കാസർഗോഡ്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭ പരിപാടിക്ക് കാസർഗോഡ് തുടക്കമായി. വൈകീട്ട് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു.

രാജ്യത്തെ 42 ശതമാനം ചെറുപ്പക്കാരും തൊഴിലില്ലായ്‌മ അനുഭവിക്കുകയാണെന്നും പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും കെസി വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു കൊണ്ട് പറഞ്ഞു.
“എന്നിട്ട് ഇപ്പോള്‍ മോദി ഗ്യാരണ്ടി പറയുകയാണ്. പറഞ്ഞ് ഗ്യാരണ്ടികള്‍ എവിടെ പ്പോയി?. ഈ തട്ടിപ്പ് ഗ്യാരണ്ടിയിൽ ഇന്ത്യാ രാജ്യം വീഴില്ല എന്ന് മോദി ഓർക്കണം.” വേണുഗോപാൽ വ്യക്തമാക്കി. എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ല. ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടിയെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
സംസ്ഥാന സർക്കാരിനെതിരെയും കെസി വിമർശനം കടുപ്പിച്ചു. നരേന്ദ്ര മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്, ഗവർണറോട് ഏറ്റുമുട്ടാൻ എന്ത് ധാർമികതയാണ് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. “സിപിഎമ്മിനെ ബംഗാള്‍ മോഡലിൽ ഭരണത്തിൽ നിന്നിറക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പാർട്ടി അണികൾ തിരിച്ചറിയണം. അദ്ദേഹത്തിന് ബിജെപി വിരോധമോ, വർഗ്ഗീയ വിരോധമോ ഇല്ല. പദവി സംരക്ഷി ക്കാനും, സ്വന്തക്കാരെ സംരക്ഷിക്കുവാനും എതൊരു ഒത്തുതീര്‍പ്പുകളേയും ഭാഗമാക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം” കെസി വേണുഗോപാൽ ആരോപിച്ചു.
നാട് നിൽക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യ ത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്‌റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നു മായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം. പിണറായി യുടെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഭരണ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്. പിണറായിക്ക് എതിരെ എത്ര കേസുകൾ ഉയർന്നു വന്നുവെന്നും ഇതിലൊന്നും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തർധാര കാരണമാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
ഫാസിസവും കമ്മ്യൂണിസവും സന്ധി ചെയ്‌തത് രണ്ടാം ലോക മഹായുദ്ധത്തിലെ കറുത്ത എടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ഇവിടെ മോഡിയും പിണറായിയും സന്ധി ചെയ്യുന്നു. കള്ളപ്പണ കേസിലും സ്വര്‍ണക്കടത്തിലും ലൈഫ് കേസിലും പിണറായിയെ മോദി സഹായിച്ചപ്പോൾ കുഴൽപണ കേസിൽ തിരിച്ചും സഹായിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതിൽ ഇരുപത് സീറ്റുകളും നേടാൻ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.