തനിക്കല്ലേ എന്നോടെന്തോ പറയാനുള്ളത്…കഥ “ക്ഷണക്കത്ത്”


ഒരുവട്ടം തിരിഞ്ഞു നോക്കി കോളേജിലെ അവസാനനാളിലെ ക്‌ളാസ്മുറിയോടും യാത്ര പറഞ്ഞു, അവർ ആ വലിയ മൈതാനത്തിന്റെ ഓരത്തിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു….

പടിയിറങ്ങിപ്പോയ വസന്തത്തിനൊപ്പം ഇലപൊഴിച്ചു നിൽക്കുന്ന ആ മരത്തിനു കീഴെ എത്തിയപ്പോൾ ഒരു നിമിഷം നിന്നൂ…എന്തെന്നറിയില്ലാ ആ കോളാമ്പിപ്പൂക്കൾ പൂക്കുന്ന മരത്തോടും കലാലയത്തോടും അവിടെ പങ്കിട്ട എല്ലാർക്കും ഒരു വല്ലാത്ത അടുപ്പമായിരുന്നു…….

ശ്യാം…

ങും എന്താ…..

അവൻ അവളുടെ മുഖത്തേക്ക് നോക്കി

എന്താന്നോ…?

തനിക്കല്ലേ എന്നോടെന്തോ പറയാനുള്ളത്…

അവൾ ചോദിച്ചു

എനിക്കോ…..
അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി…

ന്തേ…..ഇല്ലേ….

ഏയ്‌…എനിക്കെന്താ പറയാനുള്ളത്….

ഒന്നുമില്ലേ…..?

അവൻ മിണ്ടിയില്ല,

എന്തേ മിണ്ടാത്തെ…?

ഒന്നുമില്ല…

ഉറപ്പാണോ….
അവൾ പിന്നേം ചോദിച്ചു

ങും….

അവൻ വിദൂരയിലേക്കു നോക്കിയൊന്നു അറച്ചു മൂളി…

അല്ല ഇന്നിങ്ങനെ തന്നോടൊപ്പം നടക്കുമ്പോൾ ഒരു മിസ്സിങ് ഫീൽ ചെയ്യുന്നു….

എന്തു മിസ്സിംഗ്‌…?

തന്നെ….തന്നെടോ

അവൻ അവളുടെ ഇടതു കണ്ണിൽ വീണുപറക്കുന്ന മുടിയിഴലേക്കൊന്നു നോക്കി…
അവർ പിന്നേം നടത്തം ആരംഭിച്ചു
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു….

മാളൂ….
ആയുസിന്റെ ഒരു നല്ല കാലം ഈ കലാലയത്തിൽ നമ്മൾ ജീവിച്ചു പടിയിറങ്ങുവല്ലേടോ……

അതെ ശ്യാം…..
ഈ ക്യാമ്പസ്സിനോടുള്ള പ്രണയമാണ് എന്നെ ഡിഗ്രി കഴിഞ്ഞിട്ടും പിന്നെയും പി ജി ചെയ്യുവാൻ ഇവിടെ പിടിച്ചു നിർത്തിയത്,

പിന്നെ…..

ങും, ന്താ ഒരു പിന്നെ….?

ഏയ്‌ ഒന്നുമില്ല…

അല്ല ശ്യാം എന്താണ് തന്റെ അടുത്ത പ്ലാൻ, ഇപ്പൊ പാർടൈം ചെയ്യുന്ന ആ ചാനലിൽ ഫുൾടൈം ജോയിൻ ചെയ്യുവല്ലേ….?
അതോ തന്റെ ആഗ്രഹം പോലെ ജേർണലിസത്തിൽ പി എച്ച് ഡി എടുക്കാൻ പിന്നേം വല്ല ക്യാമ്പസിലും……

ഇല്ല, ആദ്യം ചാനലിൽ ജോയിൻ ചെയ്യണം, ഇപ്പൊ ഞാൻ ഹോസ്റ്റ് ചെയ്യുന്ന ഷോയുടെ ചീഫ് ഹെഡ് നമ്പ്യാർ സാർ എല്ലാം റെഡി ആക്കിയിട്ടുണ്ട്…

ആ…അതു നന്നായി, എന്നാലും തന്റെ ഷോയിൽ ചില എപ്പിസോഡുകൾ കാണുമ്പോൾ കുറച്ചു ഡ്രാമ തോന്നിപ്പിക്കാറുണ്ട്, അതുപോലെ ചോദ്യങ്ങൾക്കു അത്ര ശക്തി പോരാന്നും തോന്നാറുണ്ട്…

ഹ ഹ ഹ….
പെണ്ണേ പുറത്തു നിന്നു കാണുന്നപോലെ അല്ല അകത്തെ കാര്യങ്ങൾ,….
ഈ ലോകം വളരെ വിശാലവും സുന്ദരവുമാണ്, പക്ഷെ ചില നിമിഷങ്ങളിൽ അതിനെ ചുരുക്കി നമ്മളിലേക്ക് ഒതുക്കേണ്ടി വരും.
ഒരു ഫേസ്ബുക്കിൽ ഹാഷ് ടാഗ് ഇടുന്നപോലെയോ അല്ലെങ്കിൽ ഒന്ന്‌ ട്വീറ്റ് ചെയ്യുന്നപോലെയോ അല്ല ചാനൽ എന്ന മാധ്യമവും അവിടത്തെ ബിസ്സിനസ്സും. കോർപ്പറേറ്റുകളുടെ ചൂതാട്ടമാണ് ഇന്നത്തെ ഓരോ വാർത്തകളും, അതിന്റെ മസാലക്കൂട്ടും…
എത്രയൊക്കെ നമ്മൾ നിലപാടുകളിൽ ഉറച്ചാലും കദറിട്ട ചെങ്കീരികൾക്കു മുന്നിൽ വിധേയപ്പെട്ടു ഇരിക്കേണ്ടി വരും അതിപ്പോ ഏതു ചാനൽ ആയാലും അങ്ങനെ തന്നെ.
അവിടെ നിലപാടുകൾ എന്നും നിലനിൽപ്പുകൾക്ക് കീഴിലാവും….

എന്തോ എനിക്കതൊന്നും അറിയില്ല….
എങ്കിലും ഞാൻ ശ്യാമിന്റെ ഷോയുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്,

ഹ….ഹ….
അത് കൊള്ളാല്ലോ….ഷോ ഇഷ്ട്ടമാണെങ്കിൽ കണ്ടാൽ പോരെ….?

ഇയ്യോ…..പൊട്ടാ അതു നിന്നെ കാണാനാണ്….

ങേ…എന്തിന്…..?

ഒരു നിമിഷം അവൾ അവിടെ നിന്നു…

എന്താ മാളൂ…..
അവൻ തിരിഞ്ഞുനോക്കി ചോദിച്ചു

ഏയ്‌ ഒന്നുമില്ല….
അവന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു….

എന്നാൽ നടക്കു…..

അവർ നടന്നു..

ശ്യാം….

ങും ന്താ മാളു..

എന്നാണ് നമ്മൾ ആദ്യം കണ്ടതെന്ന് ഓർമ്മയുണ്ടോ….?

കൊള്ളാം അതു ഞാൻ മറന്നിട്ടില്ല…
ആ ക്യാന്റീനിലെ പ്രശ്നം അവിടെ വെച്ചല്ലേ നമ്മൾ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും…

പരിചയപ്പെട്ടു എന്നു പറയുന്നതിനേക്കാൾ വഴക്കിട്ടത് എന്നു പറയുന്നതാവും ശരി…

ആ…അങ്ങനെയും പറയാം അല്ലേ…

അയ്യടാ ഞാനതു മറക്കില്ല ഒരിക്കലും…

അതുപിന്നെ ആ ക്യാന്റീനിലെ ചുവരൊക്കെ വെള്ള പൂശാൻ നീയും നിന്റെ വാനരപ്പടയും ഇറങ്ങിയിട്ടല്ലേ…

എടോ അതു നമ്മുടെ എൻ എസ്സ് എസ്സ് ക്യാമ്പിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായിട്ടല്ലെ….

ആയിരിക്കാം, പക്ഷെ മാളൂനറിയോ,..

നമ്മുടെ കോളേജിന്റെ പല ഭിത്തികളും വരകളും ചിത്രങ്ങളും നിറഞ്ഞതാണ്, അതിൽ പലതും കരിയും ചാരവും പെയിന്റുമൊക്കെ കൊണ്ടു കോറിവരച്ചിരിക്കുന്നതാണ്.
അതിൽ മുദ്രാവാക്യങ്ങളുണ്ട്, ഒരു ക്യാൻവാസിനെ പോലും തോൽപ്പിക്കുന്ന വരകൾ ഉണ്ട്, മുറിക്കവിതകൾ ഉണ്ട് പ്രണയവും വിരഹവും വേദനയും സൗഹൃദങ്ങളും ഉണ്ടാകും…
അതൊക്കെ അവിടെ കോറിയിടുന്നതു അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം കിട്ടാഞ്ഞിട്ടല്ല…
അതൊരു വികാരമാണെടോ…
ഓരോന്നും ഓരോ ഓർമ്മത്തുണ്ടുകളാണ്….
ഒരിക്കൽ വിട്ടെറിഞ്ഞു ഇവിടെ നിന്നു നമ്മൾ പടിയിറങ്ങേണ്ടി വരുമെന്നറിഞ്ഞിട്ടും കോറിയിടുന്ന നമ്മുടെ ക്ലാവ് പിടിക്കാത്ത നല്ല സ്മരണകളാണ്…

അതൊക്കെയാണ്‌ താനും തന്റെ കൂട്ടങ്ങളും കഴുകികളഞ്ഞു പെയിന്റടിക്കാൻ വന്നത്….

ഓഹോ പിന്നെ ഇതൊക്കെ എന്നും ഇതുപോലെ ഇവിടുണ്ടാകും എന്നു ശ്യാമിന് തോന്നുന്നുണ്ടോ…..?

ഇല്ല എങ്കിലും പിന്നീടെപ്പോഴെങ്കിലും ഈ ചുവരുകൾ കാണേണ്ടി വന്നാൽ നമ്മുടെ കണ്ണുകൾ ആദ്യം തേടുന്നത് അതായിരിക്കും….

ആ ക്യാന്റീനിലെ രാജപ്പേട്ടന്റെ പറ്റുപുസ്തകം മറിച്ചു നോക്കിയാൽ ഇപ്പോഴും കാണും കഴിച്ചതിന്റെ പറ്റു കൊടുത്തു തീർക്കാത്ത കുറേപേരുകൾ…..
അതൊക്കെ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നു അറിയാം എങ്കിലും മക്കളില്ലാത്ത രാജപ്പേട്ടനും തങ്കുമ്മക്കും ബാക്കിയാവുന്ന ഓർമകളാണ് അതൊക്കെ….
മക്കളില്ലാത്ത അവർ, കടം പറഞ്ഞു കഴിക്കുന്ന എല്ലാർക്കും വിളമ്പിയത് ഒരച്ഛന്റെയും അമ്മയുടെയും വാത്സല്യവും സ്നേഹവുമാണ്….
ഒരു പക്ഷെ ഓരോ ദിവസവും വീട് വിട്ടു കോളേജിൽ പോകുമ്പോൾ നമ്മൾ അറിയാതെ നമ്മളിലേക്ക് വരുന്ന ഒരച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലുമാണ് അതൊക്കെ…..

ആഹാ….
ശ്യാം നിന്റെ ഭ്രാന്ത്‌ പിന്നെയും പൂത്തുലഞ്ഞല്ലോ….

ഒന്നു പോടീ…..

അവൾ ഒരുനിമിഷം നിന്നൂ…
ബാഗിൽ നിന്നും ഒരു ക്ഷണക്കത്തെടുത്തു അവനു നേർക്കു നീട്ടി….

എന്തായിത്….?

അവൾ മറുപടിയൊന്നും പറഞ്ഞില്ല..

അവനതു വായിച്ചു നോക്കി

മാളവിക വെഡ്സ് ശ്രീകാന്ത്

ങേ ഇതെന്താ……?

എന്താന്നു നിനക്കു വായിച്ചിട്ടു മനസ്സിലായില്ലേ….?

എന്റെ വിവാഹമാണ്. വരുന്ന ഡിസംബറിൽ ആദ്യത്തെ കത്ത് നിനക്കിരിക്കട്ടെന്ന്‌ വെച്ചു.

അവൻ സ്വയം മറന്നു ആ കത്തിലേക്കു നോക്കി നിന്നു…

ശ്യാം നീയെന്താ മിണ്ടാത്തെ….

ഇതെപ്പോ….
നീയെന്താ ഇതുവരെ പറയാതിരുന്നേ….

ഓഹ് അതൊക്കെ എല്ലാം പെട്ടെന്നായിരുന്നു, ഞാൻ തന്നെ ഇതിൽ ഒന്നു പാകപ്പെട്ടു വരുന്നേയുള്ളൂ ശ്യാം…

രണ്ടാഴ്ച മുന്നെയാണ് ഈ അലയൻസ് വന്നത്. അച്ഛന്റെ ഒരു കൂട്ടുകാരന്റെ മകനാണ് കക്ഷി. ചെന്നൈയിൽ ഒരു കമ്പനിയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറാണ്.
ഒരു ദിവസം അച്ഛനെ കാണുവാൻ ആ കൂട്ടുകാരൻ വന്നപ്പോൾ എന്നെ കണ്ടിരുന്നു. പോകുവാൻ നേരം അവർക്കു ഇങ്ങനെയൊരു താല്പര്യം ഉണ്ടെന്നു അച്ഛനെ അറിയിച്ചിരുന്നു.

എന്നിട്ട് മാളൂന്റെ അച്ഛൻ എന്തു പറഞ്ഞു…

അച്ഛൻ ജാതകം നോക്കീട്ടു പറയാമെന്നു പറഞ്ഞു…
അവർ പിറ്റേന്ന് തന്നെ ജാതകവുമായി വന്നു, നോക്കിയപ്പോൾ അതിൽ പൊരുത്തവും കണ്ടു, പിന്നെ എല്ലാം പെട്ടെന്നായിരുന്നു പെണ്ണ് കാണലും ഉറപ്പിക്കുമെല്ലാം…..

എന്നിട്ട് ആളെ നിനക്കിഷ്ട്ടമായോ…?

എഡ്യൂക്കേറ്റഡ്, വെൽ സെറ്റൽഡ്, ഗുഡ് ഫാമിലി ബാക്ക്ഗ്രൗണ്ട്,….ഒരു നോ പറയേണ്ട സാധ്യതയൊന്നും ഉണ്ടായിരുന്നില്ല…

പിന്നെ ഞാനും ഒരു വല്ലാത്ത അവസ്ഥയിലായിന്നു. പ്രതീക്ഷകൾ കയ്യൊഴിഞ്ഞപ്പോൾ മോഹങ്ങൾ കുഴിവെട്ടി മൂടിയ ഒരവസ്ഥ…

ങേ, നീയെന്തൊക്കെയാ ഈ പറയുന്നേ…

അതെ ശ്യാം എനിക്കു നിന്നോട് മുടിഞ്ഞ ഇഷ്ട്ടമായിരുന്നു, അല്ല പ്രേമം…..

എത്രയോവട്ടം നിന്നോടത് പറയുവാൻ ഞാൻ തുനിഞ്ഞതാണ്….

എന്നിട്ടെന്താ…പറയാതിരുന്നേ…

അറിയില്ല….

എപ്പോഴൊക്കെയോ നിന്നോടത് തുറന്നു പറയണം എന്നു തോന്നുമ്പോഴൊക്കെ, കാരണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വേണ്ടാന്നോരു തോന്നൽ എന്റെ മനസ്സിനെ പിടിച്ചു നിർത്തി…..
നിന്റെ സാമിപ്യങ്ങളെല്ലാം ഞാൻ ഒരർഥത്തിൽ ആസ്വദിച്ചുകൊണ്ടിരുന്നു…
അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല മൗനം കവർന്നെടുക്കുന്നതു കാത്തിരിപ്പിന്റെ നല്ല നിമിഷങ്ങളെ ആണെന്ന്…

വസന്തങ്ങൾ അവസാനിക്കുന്നതിനൊപ്പം പൂക്കളും ഇലകളും പൊഴിയുമെന്നതു, ആ പൂക്കാലത്തിന്റെ ലഹരിയിൽ നമ്മൾ ഓർക്കാറില്ല…

ഇനിയിപ്പോ പറഞ്ഞിട്ടെന്താ….

ഓക്കേ ശ്യാം അതൊക്കെ അവിടെ കഴിഞ്ഞു. ഒരു പ്രണയവിരഹത്തിന്റെ ക്ളീഷെ വാലിൽ തൂങ്ങാൻ ഞാൻ നിൽക്കുന്നില്ല….

ഞാൻ പോകട്ടെ ശ്യാം,
ആ പിന്നെ നേരത്തെ വിളിച്ചത്തുകൊണ്ടു ഡേറ്റ് മറക്കേണ്ട…കല്യാണത്തിന് വരാതിരിക്കരുത്

അവൾ അത്രയും പറഞ്ഞു നടന്നു..

മാളൂ…..

ആ എന്താ…..

അവൻ പോക്കറ്റിൽ നിന്നും ഒരു ഇൻവെലോപ് എടുത്തു അവൾക്കു കൊടുത്തു.

എന്താ ഇതു…..?

തുറന്നു നോക്ക്…

അവൾ ആ കവറിനു ഉള്ളിലെ പേപ്പർ എടുത്തു വായിച്ചു….

ഇതു അപ്പോയ്ന്റ്മെന്റ് ലെറ്റർ അല്ലേ..

ങും, ചാനലിൽ നെക്സ്റ്റ് വീക്ക്‌ ജോയിൻ ചെയ്യണം.

കൺഗ്രാറ്റ്സ് ശ്യാം…

താങ്ക്സ്

ഇതാ…
അവളതു അവനെ തിരിച്ചേൽപ്പിച്ചു..

വേണ്ട, അതു നീ വെച്ചോ എന്റെ കയ്യിൽ വേറെ കോപ്പി ഉണ്ട്.

ങേ, എനിക്കെന്തിനാ ഇതു.

ഇതു നിനക്കുള്ളതല്ല

നിന്റെ അച്ഛന് കൊടുക്കാനുള്ളതാണ്

അച്ഛനോ…..?

അത്യാവശ്യം തരക്കേടില്ലാത്ത ജോലി, ശമ്പളം, പിന്നെ കുടുംബം,
ഒരു കൊല്ലം കൂടി കഴിഞ്ഞാൽ ഞാൻ കുറച്ചുകൂടി നല്ലൊരു പൊസിഷനിലും ആകും.
നിന്റെ മനസ്സിലെ എന്നോടുള്ള ഇഷ്ട്ടം അച്ഛനോട് തുറഞ്ഞുപറഞ്ഞു ആളെ കൺവീനസ് ചെയ്യിക്കാൻ ഇതുപോരെ…. ഒരു പെണ്ണിനെ പോറ്റാനുള്ള വരുമാനമൊക്കെ മരുമകന് കിട്ടുമെന്ന് ആളറിയട്ടെ…
പിന്നെ ഇതൊക്കെ കേൾക്കുമ്പോൾ പണ്ടത്തെ സിനിമയിലെ അമരീഷ്പുരിയൊന്നും അല്ലല്ലോ നിന്റെ അച്ഛൻ,
പുള്ളിക്കാരൻ സമ്മതിക്കാതിരിക്കില്ല…..

പെണ്ണേ, നിന്നോടുള്ള ഇഷ്ട്ടവും പ്രണയവും, അതൊക്കെ ആവശ്യത്തിൽ കൂടുതൽ എന്നിലുണ്ട്..
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു…

ഒരിക്കലും റീയാലിറ്റിക്കു മുന്നിൽ അതു കൊഞ്ഞനം കുത്തരുതെന്നു എനിക്കു നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതുവരെ നിന്നോട് ഒന്നും പറയാതെ കാത്തിരുന്നേ….

ശ്യാം എന്തൊക്കെയാ നീ ഈ പറയുന്നേ…..

അതേടി കഴുതേ നിന്നെയെനിക്ക് പെരുത്തിഷ്ട്ടാണെന്നു….
അവളുടെ ചെവിയിൽ നുള്ളിക്കൊണ്ടവൻ പറഞ്ഞു…

മാളുവിന്റെ കണ്ണുകൾ നിറഞ്ഞു….

മാളു ഒരു കരച്ചിലും ഇമോഷണൽ സീനുമൊക്കെയാണ് നീയും ഇവിടെ ഉദ്ദേശിക്കുന്നതെങ്കിൽ, ആ ക്ളീഷെ സീനിന്റെ വാലിൽ തൂങ്ങാൻ ഞാനും ഇല്ല…
പൊയ്ക്കോ നേരം വൈകുന്നു, പിന്നെ ഈ സീനിൽ ബാക്കിവെച്ച ഒരു ഡയലോഗ് ഉണ്ട്.

അതെന്നാ……?

നിന്റെ പ്രതീക്ഷകളുടെ ലിസ്റ്റിൽ അതൊരു സസ്പെൻസായി ഇരിക്കട്ടെ, പിന്നീടൊരിക്കൽ പറയാം…

ശ്യാം പ്ലീസ് പറയ്…..

പോ, നീ ചെല്ല് നേരം വൈകുന്നു,
അവൻ അവളെ ഉന്തിവിട്ടു…

പിന്നേ, മരങ്ങൾ ഇലകളും പൂക്കളും പൊഴിക്കുന്നത് വസന്തം വിട വാങ്ങിയതുകൊണ്ടല്ല, പകരം വരാൻ പോകുന്ന വസന്തത്തിൽ ഒരു പൂക്കാലം തീർക്കാനാണ്….

അവൻ വിളിച്ചു പറഞ്ഞു…

അവാളൊന്നു തിരിഞ്ഞുനോക്കി കണ്ണുകൾകൊണ്ടു യാത്ര പറഞ്ഞു നടന്നു….

റോഡ് ക്രോസ് ചെയ്തു ബസ്സ്റ്റോപ്പിൽ എത്തി. അടുത്തു വന്ന ബസ്സ് പിടിച്ചു. യാത്രയിൽ മൊബൈലെടുത്തു വാട്സ്ആപ്പിൽ ടൈപ് ചെയ്തു…

ഹായ് ശ്രീകാന്ത്…

അവിടെ നിന്നും റിപ്ലേ കിട്ടിയില്ല…

ശ്രീകാന്ത് ആർ യൂ ദയർ…? ഐ വാണ്ട്‌ റ്റൂ മീറ്റ് യൂ….
അവൾ പിന്നെയും മെസ്സേജ് അയച്ചു.

കുറച്ചുകഴിഞ്ഞു റിപ്ലൈ വന്നൂ…

സോറി ഡിയർ, മൈബൈൽ സൈലന്റ് ആയിരുന്നു. ഞാനൊരു മീറ്റിങ്ങിൽ ആയിരുന്നു.

എന്താ മാളവിക പറയൂ….

എനിക്കു ശ്രീകാന്തിനെയൊന്നു നേരിൽ കാണണം, എനിക്കു കുറച്ചു സംസാരിക്കാറുണ്ട്…
ഈ സൺ‌ഡേ ഫ്രീ അല്ലേ…..?

ഫ്രെണ്ട്സുമായി ചെറിയൊരു ട്രിപ്പുണ്ടായിരുന്നു. കുഴപ്പമില്ല ഞാൻ ഫ്രീ ആകാം…..

താങ്ക്സ്,
രാവിലെ പത്തു മണിക്ക് ഞാൻ ബീച്ച് റോഡിലെ കഫെ കോഫിഡേയിൽ വെയിറ്റ് ചെയ്യാം.

ഓക്കേ ഞാനെത്താം…

ബൈ….

സി യൂ സൺഡേ….

മൊബൈൽ അവൾ ബാഗിനകത്തേക്കു വെച്ചു. വഴിയരികിൽ മറയുന്ന കാഴ്ചകളെ നോക്കിയിരുന്നു…
ഓരോ മരങ്ങൾ മറയുമ്പോഴും അവൾ ശ്യാമിനെ കുറിച്ചോർത്തു….

ശ്യാം പറഞ്ഞതു ശരിയാണ്, പടിയിറങ്ങുന്ന വസന്തങ്ങൾക്കൊപ്പം മരങ്ങൾ ഇല പൊഴിക്കുന്നത് വരാൻപോകുന്ന വസന്തത്തിലെ പൂക്കാലത്തെ വരവേൽക്കാനായിരിക്കും…..

എന്നാലും പിന്നേം ഒരു സർപ്രൈസായി ശ്യാം പറയുവാൻ ബാക്കിവെച്ചത് എന്താകും


Read Previous

പ്രത്യാശയുടെ കണിക്കൊന്ന പൂക്കളുമായി വിഷുഫലം 2021

Read Next

നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »