
കുവൈത്ത് സിറ്റി : വ്യാമഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പുമായി കുവൈത്ത് എയർവെയ്‌സ് ആദ്യമായി A- 330 – 900 NEO എയർ ബസ് വിമാനങ്ങൾ സ്വന്തമാക്കി. ഈ ഇനത്തിൽ പെട്ട ഏറ്റവും പുതിയ വിമാനങ്ങൾ ഇന്ന് കുവൈത്തിൽ എത്തി.ബൗബിയാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനങ്ങൾ ഫ്രാൻസിലെ ടുലൂസിലുള്ള നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് കുവൈത്തിൽ എത്തിച്ചത്.

യാത്രക്കാർക്ക് ഏറ്റവും നൂതനവും വൈവിദ്ധ്യമാർന്നതുമായ മോഡൽ വിമാനങ്ങൾ ഉപയോഗിച്ച് സേവനം നൽകുക എന്ന നയത്തിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ പുറത്തിറക്കുന്നതെന്ന് കുവൈത്ത് എയർവേയ്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൾ മൊഹ്‌സെൻ അൽ ഫഖാൻ അറിയിച്ചു.

വരും വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിൽ പുതിയ മോഡൽ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് വിപുലീകരിക്കുന്നതിന് പദ്ധതിയുള്ളതായും അദ്ദേഹം അറിയിച്ചു.
യാത്രക്കാരുടെ താല്പര്യങ്ങൾക്ക് അനുസൃതമായി നൂതനമായ സേവനങ്ങൾ നൽകുവാനും സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഒരുക്കുവാനും തങ്ങൾ ഊന്നൽ നൽകുന്നതായും അദ്ദേഹം പറഞ്ഞു.