
മനാമ: സൗദി സഹകരണത്തോടെ ഒരു ലക്ഷം വൃക്ഷത്തൈകൾ നടുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാർബൺ ബഹിർഗമന തോത് 2060ഓടെ പൂജ്യത്തിലെത്തിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് നേരത്തേ തുടക്കം കുറിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സൗദി ഫുഡ് ഡെവലപ്മെന്റ് കമ്പനിയുടെ പിന്തുണയോടെ ഒരു ലക്ഷം വൃക്ഷത്തൈകൾ നടുന്നതാണ് പദ്ധതി. സൗദിയിൽ തയാറാക്കി ബഹ്റൈനിൽ വളർത്തുക എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്റെ പിന്തുണയും ഇതിനുണ്ട്. ചടങ്ങിൽ ഗ്യാസ്, പരിസ്ഥിതികാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന, സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം പ്രതിനിധി ഡോ. ഖാലിദ് അൽ അബ്ദുൽ ഖാദിർ എന്നിവരും സംബന്ധിച്ചു.
ബഹ്റൈനിലെ കാലാവസ്ഥ, പരിസ്ഥിതി മാറ്റത്തിനെതിരെ വലിയ അളവിൽ പരിവർത്തനമുണ്ടാക്കാൻ പദ്ധതി വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഖാലിദ് വ്യക്തമാക്കി.