റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് കുദു-കേളി ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം വാരത്തിൽ കംഫർട്ട് ട്രാവൽസ് ലാന്റെൺ എഫ്സിക്കും റോമാ കാസ്ലെ ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാടിനും വിജയം. ദാറൂപ് മെഡിസിൻസ് ആൻഡ് അറഫാ ഗോൾഡ് കൊണ്ടോട്ടി റിയൽ കേരള എഫ്സിയും കംഫർട്ട് ട്രാവൽസ് ലാന്റെൺ എഫ്സിയും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ലാന്റെൺ എഫ്സി റിയൽ കേരള എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.

കളിയുടെ രണ്ടാം പകുതിയുടെ നാലാം മിനുട്ടിൽ പത്താം നമ്പർ താരം ഇർഷാദ് കെടി റിയൽ കേരള എഫ്സിക്ക് വേണ്ടി ആദ്യ ഗോൾ നേടിയതിന്റെ ആരവം തീരും മുമ്പ് അഞ്ചാം മിനുട്ടിൽ ലാന്റെൺ എഫ്സിക്ക് വേണ്ടി പതിനൊന്നാം നമ്പർ താരം അബ്ദുൾ മുബാറക് ഗോൾ മടക്കി. അധിക സമയത്തെ രണ്ടാം മിനുട്ടിൽ എട്ടാം നമ്പർ താരം മുഹമ്മദ് റാഷിക് ലാന്റെൺ എഫ്സിക്ക് വേണ്ടി രണ്ടാമത്തെ ഗോൾ നേടി. ആദ്യ കളിയിലെ മികച്ച കളിക്കാരനായി
ലാന്റെൺ എഫ്സിയുടെ പതിനൊന്നാം നമ്പർ താരം അബ്ദുൾ മുബാറക്കിനെ തിരഞ്ഞെടുത്തു. രണ്ടാം നമ്പർ താരം അജ്നാസ് റിയൽ കേരളക്ക് വേണ്ടി ഇരുപത്തി മൂന്നാം മിനുട്ടിൽ ഗോൾ നേടിയെങ്കിലും ലാന്റെൺ വാർ അപ്ലെ ചെയ്തു. വാർ പരിശോധനയിൽ ഓഫ് സൈഡ് വ്യക്തമായതിനാൽ ഗോൾ പിൻവലിച്ചു. കളിയുടെ അവസാന മിനുട്ടിൽ റിയൽ കേരള എഫ്സിയുടെ ശക്തമായ മുന്നേറ്റം ബാറിൽ തട്ടി പുറത്തു പോയി.
ആദ്യ കളിയിൽ ആലപ്പുഴ എംപി എഎം ആരിഫ് കളിക്കാരുമായി പരിചയപ്പെട്ടു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഫിറോസ് തയ്യിൽ, കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സംഘാടക സമിതി ജോയിന്റ് കൺവീനർ ജവാദ് പരിയാട്ട്, ഗ്രൗണ്ട് മാനേജർ റഫീക് ചാലിയം, കേളി മാധ്യമ കമ്മറ്റി കൺവീനർ പ്രദീപ് ആറ്റിങ്ങൽ, പൊതു പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, കരുനാഗപള്ളി കൂട്ടായ്മ മൈത്രിയുടെ ഭാരവാഹി കബീർ എന്നിവർ അനുഗമിച്ചു.
രണ്ടാം മത്സരം റോമാ കാസ് ലെ ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാടും, മലബാർ റസ്റ്റോറന്റ് സുലൈ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടി. ഏകപക്ഷീകമായ രണ്ടുഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് വിജയിച്ചു. കളിയുടെ പതിനാറാം മിനുട്ടിൽ ഇരുപതാം നമ്പർ താരം സഫറുദ്ധീനും, രണ്ടാം പകുതിയുടെ ആറാം മിനുട്ടിൽ പന്ത്രണ്ടാം നമ്പർ താരം ആഷിക് നെയ്യപ്പാടനും ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാടിന് വേണ്ടി ഗോളുകൾ നേടി. ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാടിന്റെ ഇരുപത്തി ഒൻപതാം നമ്പർ താരം അക്മൽ ഖാൻ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാമത്തെ കളിയിൽ കൊബ്ലാൻ സെയിൽസ് മാനേജർ പ്രസാദ് വഞ്ചിപ്പുര, കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, കേളി കേന്ദ്ര കമ്മറ്റി അംഗം മധു പട്ടാമ്പി, കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, റിഫ ടെക്‌നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർകാട്, റെഡ്സ്റ്റാർ ക്ലബ് സെക്രട്ടറി റിയാസ് പള്ളത്ത് എന്നിവർ കളിക്കാരുമായി പരിചയപെട്ടു.
സൗദി റഫറി പാനലിലെ അലി അൽ ഖഹത്താനി, അബ്ദുൽ അസീസ് അൽ താഷ, അഹമ്മദ് ദോഗ്ലാ, മുഹമ്മദ് ദോഗ്ലാ, വലീദ് ഇബ്രാഹിം, ആദിൽ അൽ ഗ്രൗൺ, അബ്ദുല്ല തഹാമി എന്നിവർ കളികൾ നിയന്ത്രിച്ചു. മികച്ച കളിക്കാനായി തിരഞ്ഞെടുത്തവർക്ക് ഐബീ ടെക് പ്രതിനിധി ജാഫർ ക്യാഷ് പ്രൈസ് സമ്മാനിച്ചു. മൂന്നാം വാര മത്സരം പൂർത്തിയായപ്പോൾ ടൂർണമെന്റിലെ എട്ട് ടീമുകളും കളത്തിൽ ഇറങ്ങി. ടീമുകളുടെ പേരും കളികളുടെ എണ്ണവും, ജയവും, പരാജയവും സമനിലയും, പോയിൻറ് നില എന്നിവ താഴെപറയുന്നു.
ഗ്രൂപ്പ് എ
ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് –
2 – 2 – 0 – 0- 6
റെയിൻബോ എഫ്സി
1 – 1- 0 – 0 – 3
യൂത്ത് ഇന്ത്യ സുലൈ എഫ്സി –
1 – 0 – 1 – 0 – 0
സുലൈ എഫ്‌സി –
2 – 0 – 2 – 0 – 0
ഗ്രൂപ്പ് ബി
ലാന്റെൺ എഫ്സി
1 – 1 -0 – 0 – 3
അസീസിയ സോക്കർ
1 – 0 – 0 – 1- 1
റോയൽ ഫോക്കസ് ലൈൻ എഫ്സി
1 – 0 – 0 – 1- 1
റിയൽ കേരള എഫ്സി,
1 – 0- 1 – 0 – 0