ന്യൂഡൽഹി: ലഷ്‌കർ-ഇ-തൊയ്‌ബ ഭീകരനേതാവ് അബു ഖത്തൽ (ഖതൽ സിന്ധി) പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ രാത്രി അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ജമ്മു കാശ്‌മീരിൽ നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഖത്തൽ.

26/11 മുബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു ഖത്തൽ. ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഇയാളെ പിന്തുടർന്നുവരികയായിരുന്നു. ജമ്മു കാശ്‌മീരിലെ റാസി ജില്ലയിൽ ശിവഖോരി ക്ഷേത്രത്തിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ബസിനുനേരെ ജൂൺ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയതും ഖത്തലാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ അബു ഖത്തലും ഉൾപ്പെട്ടിട്ടുണ്ട്. രജൗരിയിലെ ദാംഗ്രി ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിനെ പിടികൂടാൻ സഹായിച്ച മതപണ്ഡിതനും പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കഴിഞ്ഞയാഴ്‌ച കൊല്ലപ്പെട്ടിരുന്നു.