പാലക്കാട്ടെ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവെന്ന് കുഞ്ഞാലിക്കുട്ടി, ജയം വർഗീയ ശക്തികളുടെ പിന്തുണയോടെയെന്ന് ഇടത് ബിജെപി നേതാക്കൾ


പാലക്കാട്: യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യവും ഇല്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് പാലക്കാട്ടേതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിനെതിരായ ജനരോഷം ശരിയായി പ്രതിഫലിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല എന്നതാണ് ചേലക്കരയിലെ ഫലം വ്യക്തമാക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കുറയുക പതിവാണ്. ഒ രാജഗോപാൽ തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ പോലും അത് കണ്ടിരുന്നു. പാലക്കാട് ഒരോ ബൂത്തിലും ശരാശരി പത്ത് മുതൽ ഇരുപത് വോട്ടു വരെ എൻഡിഎയ്ക്ക് കുറഞ്ഞിട്ടുണ്ട്. അതിന്‍റെ കാരണം എന്താണെന്ന് പരിശോധിക്കുമെന്നും’ സുരേന്ദ്രൻ വ്യക്തമാക്കി.

‘പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം പ്രതിഫലിപ്പിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു. ചേലക്കരയിലെ തോൽവി കാണിക്കുന്നത് അതാണ്. പാലക്കാട്ടെ തോൽവി സിപിഎമ്മിന് താക്കീതാണെന്നും’ കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പ്രസ്‌താവനകള്‍ തിരിച്ചടിയായെന്ന് ലീഗ് നേതാക്കള്‍

പാലക്കാട്ടെ വിജയത്തിന്‍റെ ക്രെഡിറ്റ് യുഡിഎഫിനെന്ന് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മുസ്‌ലീം ലീഗിന്‍റേത് വാചാലമായ നിശബ്‌ദ പ്രവർത്തനമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ എല്ലാം എൽഡിഎഫിന് തന്നെ തിരിച്ചടിയായി. പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞതും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായി. മുഖ്യമന്ത്രിയുടേത് ജനങ്ങളെ മനസിലാക്കാത്ത പ്രസ്‌താവനകളാണ്. പത്രപരസ്യം ഗുണം ചെയ്‌തില്ലെന്നും പാലക്കാട് നഗരസഭയിൽ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യുഡിഎഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്‌ചവെച്ചെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും രാഷ്ട്രീയ വിജയം യുഡിഎഫിന് തന്നെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍ഡിഎഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയം വർഗീയ ശക്തികളുടെ പിന്തുണയോടെയെന്ന് സരിന്‍

വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലക്കാട്ട് ജയിച്ചതെന്ന് ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി സരിൻ. നിലപാടുകളുടെ പേരിൽ തോൽക്കുന്നത് അന്തസാണെന്നും സരിൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കു കയായിരുന്നു അദ്ദേഹം.

സിപിഎം ചിഹ്നത്തിലാണ് താൻ മത്സരിച്ചത് എങ്കിൽ കൂടുതൽ വോട്ട് കിട്ടുമായിരുന്നു. വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലക്കാട് ജയിച്ചത്. എസ്‌ഡിപിഐയുമായുണ്ടാക്കിയ ധാരണ കണ്ടു. ഇടതുപക്ഷ രാഷ്ട്രീയമുയർത്തിയാണ് അതിനെ നേരിട്ടത്. നിലപാടുകളുടെ പേരിൽ തോൽക്കുന്നത് അന്തസാണ്. ഉപതെര ഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നൊരുക്കം നടത്താതിരുന്നത് ദോഷം ചെയ്‌തുവെന്നും’ പി സരിൻ പറഞ്ഞു.

സ്വതന്ത്ര ചിഹ്നത്തിൽ വോട്ട് കൂട്ടാനായത് വലിയ നേട്ടമാണ്. ഒരു തെരഞ്ഞെടുപ്പ് പരാജയത്തിൽ അവസാനിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം. പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ സിപിഎമ്മിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുമെന്ന് സരിൻ പറഞ്ഞു.


Read Previous

പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ ചരിത്രവിജയം: റിയാദ് ഒഐസിസി

Read Next

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ഫലം; ശരദ് പവാറിൻ്റെയും ഉദ്ധവ് താക്കറെയുടെയും രാഷ്ട്രീയ യുഗം അവസാനിക്കുന്നുവോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »