നാട് നടുങ്ങിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല: വയനാട് തുരങ്ക പാതയുമായി സംസ്ഥാന സര്‍ക്കാര്‍; പ്രകൃതി സംരക്ഷണ സമിതി കോടതിയിലേക്ക്


തിരുവനന്തപുരം: നാട് നടുങ്ങിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷവും വയനാട് തുരങ്ക പാത നിര്‍മാണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇത് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു. രണ്ട് പാക്കേജുകളിലായാണ് തുരങ്ക പാതയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. വയനാട് തുരങ്ക പാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.

പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. പദ്ധതിക്ക് വേണ്ടിയുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്. പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെ തിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. തുരങ്ക പാതാ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.വലുതും ചെറുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ നടന്ന മേഖലയിലെ മലകളാണ് തുരങ്ക പാതക്കായി തുരക്കുന്നത്. സമീപകാല ഉരുള്‍പൊട്ടലുകളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

താമരശേരി ചുരം കയറാതെ വയനാട്ടിലെത്താവുന്ന എളുപ്പ മാര്‍ഗമാണ് തുരങ്ക പാത. ഹൈവേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാത ആരംഭിക്കുക കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലും അവസാനിക്കുന്നത് വയനാട് മീനാക്ഷിപ്പുഴ പാലത്തിലുമാണ്.


Read Previous

‘ഗവര്‍ണര്‍ വെറും കെയര്‍ ടേക്കര്‍ മാത്രം; ഭയപ്പെടുത്താന്‍ നോക്കേണ്ട’: ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എം.വി ഗോവിന്ദന്‍

Read Next

സ്ത്രീത്വത്തെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »