
ലോകം ഏറെ വളർന്നിട്ടും ഇന്നും പല സ്‌ത്രീകളുടെയും ലോകം അടുക്കളയിൽ മാത്രമായി ചുരുങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. ഈ സാഹചര്യത്തിൽ ലേകത്തിലെ എല്ലാ വനിതകൾക്കും വേണ്ടി ഒരു ദിനം എന്ന ആശയത്തിന് പ്രസക്‌തിയേറെയാണ്. നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലുകൾക്കും അധിക്ഷേപങ്ങ ൾക്കും അടിമത്വത്തിനും ശേഷം നിരവധി സ്‌ത്രീകൾ ഇന്ന് സ്‌ത്രീകൾ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ തയ്യാറാകുന്നുണ്ട്. സമൂഹം വരച്ച പല ലക്ഷ്‌മണ രേഖകളെയും മറികടന്ന് ഒട്ടെല്ലാ മേഖലകളിലും അവർ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നു.
സ്‌ത്രീകൾ ഇന്ന് പല രംഗങ്ങളിലും മുന്നേറ്റം കാഴ്‌ചവെക്കുന്നുണ്ടെങ്കിലും ചിലർക്കെങ്കിലും സ്വന്തമായി തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള സ്ഥിതിവിശേഷമുണ്ട്. അവർ സ്വന്തം തൊഴിൽ മേഖലയിലും സമൂഹത്തിലും മുന്നിട്ടു നിൽക്കുന്നുണ്ടാകുമെങ്കിലും വ്യക്‌തിപരമായ പല കാര്യങ്ങൾ ചെയ്യാനും ആരുടെയെങ്കിലും അനുവാദം തേടേണ്ട സാഹചര്യമാണ്, പ്രത്യേകിച്ച് യാത്രകളുടെ കാര്യത്തിൽ. അങ്ങനെ യാത്ര ചെയ്യാൻ ആരുടേയും അനുമതി കാത്തുനിൽക്കാതെ ഉറച്ച തീരുമാനങ്ങളിലൂടെ സ്വപ്‌നങ്ങളെ വെട്ടിപ്പിടിച്ച, സഞ്ചാരികളായ ചില വനിതകളെ നമുക്ക് പരിചയപ്പെടാം…
അത്‌ലാൻ്റിക് മഹാസമുദ്രം ഒറ്റയ്ക്കു തുഴഞ്ഞുകടന്ന അനന്യ

മഹാസമുദ്രം ഒറ്റയ്‌ക്ക് തുഴഞ്ഞ് കടന്ന് ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് അനന്യ പ്രസാദ് എന്ന 34 കാരി. 2024 ഡിസംബർ 11-നാണ് അനന്യ സ്‌പെയിനിലെ ലാ ഗോമെറയിൽ നിന്ന് കരീബിയൻ ദ്വീപായ ആൻ്റിഗ്വയിലേക്കുള്ള യാത്ര ആരംഭിച്ചത്. 52 ദിവസങ്ങൾ കൊണ്ടാണ് അത്‌ലാൻ്റിക് മഹാസമുദ്രം മുറിച്ച് കടന്നത്. അനന്യ പ്രസാദ് നേടിയ ഈ ചരിത്രവിജയം വരുംതലമുറയ്‌ക്ക് പ്രചോദനമാകുന്ന ഒരു അതിസാഹസിക കഥയാണെന്നതിൽ സംശയമില്ല. സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ് അനന്യ പ്രസാദ്.
ഈ യാത്രയോടുകൂടി അനന്യ നടന്നുകയറിയത് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്‌സിലേക്കുകൂടിയാണ്. ദക്ഷിണേന്ത്യയിലെ അനാഥരായ കുട്ടികളുടെ ഉന്നമനത്തിനായും, മെൻ്റൽ ഹെൽത്ത് ഫൗണ്ടേഷനും ദീനബന്ധു ട്രസ്‌റ്റിനും വേണ്ടി പണം സ്വരൂപിക്കുന്നതിനുമായാണ് അനന്യ യാത്ര ആരംഭിച്ചത്. ബോട്ടിൻ്റെ സാങ്കേതിക അറ്റകുറ്റപ്പണികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, സപ്പോർട്ട് ക്രൂ ഇല്ലാതെ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്നുമാണ് അനന്യ ആദ്യം പഠിച്ചത്. അങ്ങനെ ആത്മദൈര്യത്തോടെ അനന്യ തുഴഞ്ഞ് കയറിയത് ചരിത്രത്തിലേക്കാണ്.
ബാക്ക് പാക്കർ അരുണിമ

കിട്ടുന്ന വണ്ടിക്ക് കൈകാണിച്ച് ഇഷ്‌ടമുള്ളിടത്തെല്ലാം സഞ്ചരിച്ച് ഓരോ നാടിൻ്റേയും തനത് രുചിയും വൈവിധ്യവും ആസ്വദിച്ച് ലോകം കാണാനിറങ്ങിയ 26 വയസുകാരി. ഈ പ്രായത്തിനിടെ ആ പെണ്‍ കുട്ടി കണ്ടത് മുപ്പതിലധികം രാജ്യങ്ങളാണ്. ബാക്ക്പാക്കര്‍ അരുണിമ എന്ന സോഷ്യല്‍മീഡിയ പേജിലൂടെയാണ് അരുണിമ മലയാളികള്‍ക്ക് പരിചിതയാകുന്നത്.
ആരാധകർക്കൊപ്പം വിരോധികളും ഏറെയാണ്. വിരോധികളെന്ന് പറഞ്ഞാൽ… വസ്‌ത്രം, യാത്രകള്‍ എന്നിവയിലെല്ലാം അരുണിമയെ ഉപദേശിക്കാൻ താൽപര്യമുള്ളവരും ഉണ്ട്. കുറച്ചുകൂടി ഇറക്കമുള്ള വസ്‌ത്രം ധരിച്ചാലെന്താ… എന്തിനാ ഇങ്ങനെ കറങ്ങി നടക്കുന്നത്… അങ്ങനെ വിമർശനങ്ങള്‍ ഏറെയാണ്.
എന്തൊക്കെയായാലും തൻ്റെ ലക്ഷ്യത്തിന് മുന്നിൽ യാതൊന്നും തടസമല്ലെന്ന് തെളിയിച്ച് യാത്ര തുടരുകയാണ് ബാക്ക് പാക്കെർ അരുണിമ… ഒരു പെണ്‍കുട്ടിക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിനൊപ്പം സഞ്ചാരസ്വാതന്ത്ര്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞുവെയ്‌ക്കുകയാണ് ഒരോ യാത്രയിലൂടെയും ഈ പെണ്‍കുട്ടി.
സ്ഥലം വിറ്റിട്ടാണെങ്കിലും ലോകം കാണാനിറങ്ങണമെന്ന് നഫീസുമ്മ
ഈ അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞ് നിന്ന വനിതയാണ് നഫീസുമ്മ. നഫീസുമ്മ തന്‍റെ അമ്പത്തിയഞ്ചാം വയസിൽ മണാലിയിലേക്ക് യാത്ര പോയി. അങ്ങനെ യാത്ര പോകാൻ പ്രായമോ ജാതിയോ മതമോ ലിംഗഭേദമോ ഒന്നും ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നഫീസുമ്മ. ഭർത്താവ് മരിച്ചാൽ സ്‌ത്രീകൾ വീടിൻ്റെ മൂലയിലിരിക്കണം, കുളു മണാലിയും കശ്‌മീരും ഊട്ടിയുമൊക്കെ അവർക്ക് വിലക്കപ്പെട്ട ഇടങ്ങളാണെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് നഫീസുമ്മയുടെ യാത്രകള്‍.
നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല സ്‌ത്രീകളുടെ ജീവിതം, മുന്നിലെ പ്രതിസന്ധികളൊക്കെ മറികടന്ന് അവർ വിജയം സ്വന്തമാക്കുകയാണ്, ജീവതത്തോട് പോരാടി മുന്നോട്ട് പോകുന്ന എല്ലാ സ്‌ത്രീകൾക്കും വനിതാ ദിനാശംസകൾ.