മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി; അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു


സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലെത്തി പാട്ടിന്റെ പാലാഴി തീര്‍ത്ത് കാവ്യഗന്ധര്‍വന്‍ സ്വര്‍ഗത്തിലേക്ക് തന്നെ മടങ്ങി. പാട്ടില്‍ നിറഞ്ഞുതുളുമ്പിയ കേരളീയതയായിരുന്നു ജയചന്ദ്രന്‍ എന്ന ഗായനകനെ വേറിട്ട് നിര്‍ത്തിയത്. കളിത്തോഴന്‍ എന്ന സിനിമയിലൂടെ ആദ്യഗാനം പുറത്തുവന്നതോടെ മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി ജയചന്ദ്രന്‍.

കുഞ്ഞാലി മരയ്ക്കാറിലെ ഒരു മുല്ലപ്പൂമാലയുമായി എന്ന യുഗ്മഗാനവും ആളുകള്‍ ഏറ്റുപാടിയതോടെ മലയാള സിനിമയിലെ താരപരിവേഷം ചാര്‍ത്തപ്പെട്ട ഒരു ഗായകനാവാന്‍ ജയചന്ദ്രന് അധികനാള്‍ വേണ്ടിവന്നില്ല. പാടുമ്പോള്‍, സ്വന്തമായതോ ബോധപൂര്‍വ്വമോ ആയ ഒരു സംഗതിയും അദ്ദേഹം സംഗീതത്തിലേക്ക് കൊണ്ടുവന്നില്ല. എല്ലാം സ്വച്ഛന്ദം സുന്ദരമായി ഒഴുകിയെത്തുകയായിരുന്നു ആ ആലാപനത്തില്‍.

ആലാപനത്തില്‍ പുലര്‍ത്തുന്ന സ്വാഭാവികതയാണ് ജയചന്ദ്രനെന്ന ഗായകന്റെ മറ്റൊരു സവിശേഷത. ഒരിളം കാറ്റായി മലയാളിയുടെ മനസിനെ സ്വപന്‌സഞ്ചാരപഥത്തിലെത്തിച്ചപ്പോള്‍ ജനം ഭാവഗായകന്‍ എന്ന പട്ടം പ്രിയഗായകന് സമ്മാനിച്ചു. ജയചന്ദ്രനെന്ന ഗായകന് ആസ്വാദകരും ആരാധകരും മാത്രമേയുള്ളൂ. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കി, ഭാവമധുരമായ ആലാപനത്തിലൂടെ മെലഡിയുടെ വര്‍ണ്ണങ്ങള്‍ ചാലിച്ചു ഗായകന്‍.

1986ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്. 1972-ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, 2004-ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021-ല്‍ കേരളം അദ്ദേഹത്തെ ജെസി ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

കൊച്ചി രാജകുടുംബത്തിലെ ഒരംഗമായിരുന്ന രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാനും പാലിയത്ത് സുഭദ്ര കുഞ്ഞമ്മയ്ക്കും 1944 മാര്‍ച്ച് 3 നാണ് ജയചന്ദ്രന്‍ ജനിച്ചത്. കൊച്ചിയിലെ രവിപുരത്തുനിന്ന് ഈ കുടുംബം പിന്നീട് തൃശൂര്‍ ജില്ലയില്‍ ക്ഷേത്രകലകളുടെകൂടി നാടായ ഇരിങ്ങാലക്കുടയിലേക്കു താമസം മാറ്റുകയായിരുന്നു. ചെറുപ്പത്തില്‍ മൃദംഗവായനയിലും പ്രാവീണ്യം നേടിയ ജയചന്ദ്രന് ഒരു കലാകാരനെന്ന നിലയിലും കലാസ്വാദകനെന്ന വഴിയിലും വളര്‍ന്നു വികസിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുന്നതില്‍ ഇരിങ്ങാലക്കുടയെന്ന ദേശത്തിനും വലിയ പങ്കുണ്ട്. പിന്നീട് ലളിതയെ വിവാഹം ചെയ്ത ജയചന്ദ്രന്‍ തൃശ്ശൂരില്‍ താമസമുറപ്പിക്കുകയായിരുന്നു. ലക്ഷ്മിയെന്ന മകളും ദിനനാഥ് എന്ന മകനുമാണ് ഈ ദമ്പതികള്‍ക്കുള്ളത്.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാര്‍വട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹര്‍ഷബാഷ്പംചൂടി, ഏകാന്ത പഥികന്‍ , ശരദിന്ദു മലര്‍ദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിന്‍മണിയറയിലെ നിര്‍മലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിന്‍ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയില്‍, നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും, കരിമുകില്‍ കാട്ടിലെ, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, കേവലമര്‍ത്യഭാഷ, പ്രായം തമ്മില്‍ മോഹം നല്‍കി, കല്ലായിക്കടവത്തെ, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോള്‍, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമല്‍ തൈമുല്ല തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങള്‍.

പൂവേ പൂവേ പാലപ്പൂവേ… (ദേവദൂതന്‍), ആകാശദീപമേ… (ജോക്കര്‍), അറിയാതെ അറിയാതെ… (രാവണപ്രഭു), പൊന്നുഷസ്സിനും… (മേഘമല്‍ഹാര്‍), ഒന്നു തൊടാനുള്ളില്‍… (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), വട്ടയില പന്തലിട്ടു… (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), ആരും… (നന്ദനം), വിരല്‍ തൊട്ടാല്‍ വിരിയുന്ന…(ഫാന്റം), വാ വാ വോ വാവേ… (എന്റെ വീട് അപ്പൂന്റേം), നീയൊരു പുഴയായ്… (തിളക്കം), എന്തേ ഇന്നും വന്നീലാ… (ഗ്രാമഫോണ്‍), കണ്ണില്‍ കണ്ണില്‍ മിന്നും… (ഗൗരീശങ്കരം), ആലിലത്താലിയില്‍… (മിഴി രണ്ടിലും), സ്വയംവര ചന്ദ്രികേ… (ക്രോണിക് ബാച്ലര്‍), അഴകേ കണ്മണിയേ… (കസ്തൂരിമാന്‍), നീ മണിമുകിലാടകള്‍… (വെള്ളിത്തിര), കല്ലായിക്കടവത്തെ… (പെരുമഴക്കാലം), കണ്ണും നട്ടു കാത്തിരുന്നിട്ടും… (കഥാവശേഷന്‍), ആരാരും കാണാതെ… (ചന്ദ്രോത്സവം), വെണ്‍മുകിലേതോ… (കറുത്ത പക്ഷികള്‍), ആലിലക്കാവിലെ… (പട്ടാളം), നനയും നിന്‍ മിഴിയോരം… (നായിക), ശാരദാംബരം… (എന്ന് നിന്റെ മൊയ്തീന്‍) എന്നിവയൊക്കെ 2000 മുതല്‍ ജയചന്ദ്രന്‍ വ്യക്തിഗതമായോ യുഗ്മമായോ പാടി ആസ്വാദകഹൃദയങ്ങളെ രസിപ്പിച്ച ഹിറ്റ് ഗാനങ്ങളാണ്.


Read Previous

മലയാള ഭാഷതൻ മാദകഭംഗി’; ജനഹൃദയത്തിലേക്ക് കുടിയേറിയ ഗായകൻ; അനുസ്മരിച്ച് മുഖ്യമന്ത്രി

Read Next

കാലഭേദമില്ലാതെ തലമുറകൾ ഏറ്റെടുത്ത ശബ്ദം’; അനുസ്മരിച്ച് വി ഡി സതീശനും എംവി ഗോവിന്ദനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »