
മലപ്പുറം: സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ചക്രക്കസേരയി ലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകയായ റാബിയയ്ക്ക് 2022ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
ഒരു മാസത്തോളമായി റാബിയ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില് മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തില്‍ മിടുക്കിയായിരുന്നു.
14-ാം വയസ്സില്‍ കാലുകള്‍ തളര്‍ന്നു. എന്നാല്‍ തളരാതെ പഠനം തുടര്‍ന്നു. എസ്എസ്എല്‍സി കഴിഞ്ഞ് തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ചേര്‍ന്നെങ്കിലും പ്രീഡിഗ്രി പൂര്‍ത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്ന് പഠിച്ച് ബിരുദങ്ങള്‍ നേടി. സമ്പൂര്‍ണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകര്‍ന്നു. കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന. അസഹനീയ വേദനയില്‍ കിടക്കുമ്പോഴും റാബിയ നോട്ട്ബുക്ക് പേജുകളില്‍ ഓര്‍മകള്‍ എഴുതി. ഒടുവില്‍ ‘നിശബ്ദ നൊമ്പരങ്ങള്‍’ പുസ്തകം പൂര്‍ത്തിയാക്കി. ആത്മകഥ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് ഉള്‍പ്പെടെ നാലു പുസ്തകം എഴുതിയിട്ടുണ്ട്.
നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം, വനി താരത്നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.