ലോസ് ഏഞ്ചൽസ് കാട്ടുതീ; മരണം പത്തായി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഹോളിവുഡ് താരങ്ങളുടെ വീടുകൾ ചാരമായി


യുഎസിലെ ലോസ് ഏഞ്ചല്‍സിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. കാട്ടുതീയില്‍ മരണസംഖ്യ പത്തായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് കാലി ഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസില്‍ ഉണ്ടായത് കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്ത മാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. സംസ്ഥാനത്തെ സഹായിക്കാന്‍ അധിക ഫെഡറല്‍ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

പസഫിക് പാലിസേഡ്സ്, അല്‍തഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാ ണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ പ്രധാന കാരണം.

ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സിലെ തീപിടിത്തത്തിലും വ്യാപക നാശനഷ്ടമുണ്ടായി. താരങ്ങളുടെ വീടുകള്‍ അടക്കം കത്തിനശിച്ചു. പ്രദേശത്തെ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. തീ പടരുന്നത് തടയാന്‍ സാധിക്കുന്നുണ്ടെങ്കിലും അതിശക്തമായ കാട്ടുതീ അതുപോലെ തുടരുകയാണ്.

ഹോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ 90,000 പേരെയെങ്കിലും ഒഴിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇവിടെ നിന്നും അതിവേഗം ആളുകളെ മാറ്റി പാര്‍പ്പിക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ്. 1400ലധികം അഗ്‌നിശമന സേനാംഗങ്ങളെയും നാഷണല്‍ ഗാര്‍ഡ് സേനയെയും വിന്യസിച്ചതായി ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം അറിയിച്ചു.തീപിടുത്തം ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ 100ലധികം സ്‌കൂളുകള്‍ അടച്ചിടുന്നതിനും മേഖലയിലെ വൈദ്യുതി തടസത്തിനും കാരണമായി. കാട്ടുതീ 2,30,000ത്തിലധികം ആളുകളെ ബാധിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. ദക്ഷിണ കാലിഫോര്‍ ണിയയിലെ ചില പ്രദേശങ്ങളില്‍ ഉയര്‍ന്ന കാറ്റ്, തീപിടുത്ത സാധ്യത എന്നിവ കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.


Read Previous

കള്ളു കുടിച്ച് നാലു കാലിൽ വരാൻ പാടില്ല; വേണമെങ്കിൽ വീട്ടിലിരുന്ന് കുടിച്ചോളണം’ പ്രവര്‍ത്തന രേഖയിലെ ഭേദഗതി വ്യക്തമാക്കി ബിനോയ് വിശ്വം

Read Next

ഡിസിസി ട്രഷററുടെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം; 15 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »