ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ: നന്മയുടെയും സഹനത്തിൻ്റെയും പാപമോചനത്തിൻ്റെയും മാസമായ റമദാനിൽ ജാതിമത ഭേദമന്യേ നൂറുകണക്കിന് പേർക്ക് നോമ്പുതുറക്കും അത്താഴത്തിനും സമൃദ്ധമായ ഭക്ഷണം നൽകി മാതൃകയാവുകയാണ് കണ്ണൂർ സിറ്റിയിലെ തെക്ക്യാവ് അത്താഴ കമ്മിറ്റി. സിറ്റി ജുമാമസ്‌ജിദിന് മുൻവശത്തുള്ള ഈ കമ്മിറ്റി കഴിഞ്ഞ 36 വർഷമായി മുടങ്ങാതെ ഈ കാരുണ്യപ്രവർത്തനം തുടരുക യാണ്. ദാരിദ്ര്യവും പട്ടിണിയും നിലനിന്നിരുന്ന കാലത്ത് ഒരു കൂട്ടം സുമനസുകൾ ചേർന്ന് ആരംഭിച്ചതാണ് ഈ സംരംഭം.

നഗരത്തിലെ പള്ളികളിൽ മതപ്രഭാഷണം നടത്താൻ എത്തുന്ന മതപണ്ഡിതർ, ദൂരദേശങ്ങളിൽ നിന്നെത്തുന്ന യാത്രികർ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പുലർച്ചെ ഭക്ഷണം കഴിക്കാതെ നോമ്പ് നോൽക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. പ്രാർഥന യ്ക്ക് തുല്യമാണ് അന്നദാനമെന്ന തിരിച്ചറിവിൽ 1990കളിലാണ് അത്താഴ കമ്മിറ്റി രൂപീകരിച്ചത്. പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം ഇഫ്താർ അഥവാ നോമ്പുതുറയും കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങി. മുസ്‌ലിം ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദ് ദീനുൽ ഇസ്‌ലാം സഭയുടെ നേതൃപദവിയിൽ ഉണ്ടായിരുന്ന കാലത്തായിരുന്നു ഇതിന് തുടക്കം കുറിച്ചത്.

മതപ്രഭാഷണത്തിന് എത്തുന്നവർക്ക് സമീപത്തെ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കുകയായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്. എന്നാൽ അഞ്ചോ പത്തോ പേർക്ക് വേണ്ടി ഹോട്ടലുടമ പുലർച്ചെ വരെ കാത്തുനിൽക്കേണ്ടി വരുന്നത് പ്രയാസങ്ങൾ സൃഷ്ടിച്ചു. കൂടുതൽ ആളുകൾ എത്തുമ്പോൾ ഭക്ഷണം തികയാതെ വരുന്ന അവസ്ഥയുമുണ്ടായി. തുടർന്നാണ് പുതിയറക്കൽ അസീസിൻ്റെ നേതൃത്വത്തിൽ മൂവക്കാട്ട് അലി, മഹലിൽ ഖാലിദ്, പുതിയറക്കൽ ജമാൽ, ഷെഫീഖ് മടത്തിൽ, കെസി ഹാരിസ്, ഹമീദ് എന്നിവർ ചേർന്ന് നേരിട്ട് അത്താഴം നൽകാൻ തീരുമാനിച്ചത്.
പ്രവാസികളുടെ കൂടി സഹായം ലഭിച്ചതോടെ സംരംഭം വിപുലമായി. സിറ്റി ജുമാമസ്‌ജിദിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മിറ്റിക്ക് നാട്ടുകാരും സമീപവാസികളും നോമ്പുതുറക്കും അത്താഴത്തിനുമുള്ള സാധനങ്ങളും സഹായങ്ങളും നൽകിത്തുടങ്ങി. ഇതോടെ നാനൂറോളം പേർക്ക് നോമ്പുതുറക്കാനും മുന്നൂറോളം പേർക്ക് അത്താഴം കഴിക്കാനുമുള്ള വലിയ സംവിധാനമായി ഇത് മാറി.
പള്ളികളിൽ മതപ്രഭാഷണത്തിന് എത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കുമായി പ്രവാസികളുടെ സഹായത്തോടെ തുടങ്ങിയ ഉദ്യമമാണ് തെക്ക്യാവ് റമദാൻ അത്താഴ കമ്മിറ്റിയായി മാറിയതെന്ന് പ്രസിഡൻ്റ് ഇ ഫൈസൽ മെക്കാടത്ത് വ്യക്തമാക്കി. ആദ്യത്തെ മൂന്ന് വർഷം അത്താഴം മാത്രമായിരുന്നു നൽകിയിരുന്നത്. പിന്നീട് ആവശ്യക്കാർ കൂടിയതോടെ നോമ്പുതുറയും ആരംഭിച്ചു. ഇന്ന് മുന്നൂറ്റമ്പ തോളം പേർക്ക് നോമ്പുതുറയും അത്താഴവും നൽകുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി മറ്റ് പള്ളികളിലും പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 27ാം രാവിൽ അത്താഴ കമ്മിറ്റി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിയാൽ തുടർച്ചയായി ഭക്ഷണം നൽകാനുള്ള സംവിധാനവുമുണ്ട്. ഇതര മതസ്ഥരും ഇവിടെ ഭക്ഷണം കഴിക്കാൻ എത്താറുണ്ട്.

നാലഞ്ചു പേർ ചേർന്ന് പാവപ്പെട്ടവർക്കും മത്സ്യത്തൊഴിലാളികൾക്കുമായി ആരംഭിച്ച ഈ നോമ്പുതുറ ഇന്ന് പ്രദേശത്തെ എല്ലാവരെയും ഉൾക്കൊള്ളുന്ന വലിയൊരു കൂട്ടായ്മയായി മാറിയെന്ന് കണ്ണൂർ കോർപറേഷൻ മുൻ മേയർ അഡ്വ. ടിഒ മോഹനൻ പറഞ്ഞു. ജാതിമത ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന ഈ സംരംഭമാണ് യഥാർഥ കേരള സ്റ്റോറി. മനുഷ്യൻ എന്ന യാഥാർഥ്യത്തോ ടൊപ്പം ചേർന്നുനിന്ന് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശമാണ് കമ്മിറ്റി നൽകുന്നത്. ഒരിടവേള പോലുമില്ലാതെ ഭക്ഷണം വിളമ്പുന്ന പ്രവർത്തനം ഏറ്റെടുക്കാൻ നിരവധി ചെറുപ്പക്കാർ മുന്നോട്ടുവരുന്നത് മാതൃകാപരമാണെന്നും നമ്മുടെ നാട്ടിലെ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളികളിൽ നിന്ന് നോമ്പുതുറക്കാൻ വളരെ കുറച്ച് ഭക്ഷണം മാത്രം നൽകിയിരുന്ന സാഹചര്യത്തിൽ നിന്ന് മാറി, എത്തുന്നവർക്കെല്ലാം വയറുനിറയെ ഭക്ഷണം നൽകാനാണ് കമ്മിറ്റി ശ്രദ്ധിക്കുന്നത്. ഇഫ്താറിന് നെയ്ച്ചോർ, കോഴിയിറച്ചി, ബീഫ് ബിരിയാണി, മന്തി, പൊറോട്ട, വെള്ളയപ്പം, ഇടിയപ്പം തുടങ്ങിയ വിഭവങ്ങളും അത്താഴത്തിന് ചോറ്, അരിപ്പത്തൽ, നെയ്ച്ചോർ, മീൻ എന്നിവയുമാണ് ഒരുക്കുന്നത്.
ടോക്കൺ അടിസ്ഥാനത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഉച്ചതിരിഞ്ഞ് രണ്ട് മുതൽ വൈകിട്ട് 5.30 വരെയാണ് ടോക്കൺ നൽകുക. എന്നാൽ ടോക്കൺ ഇല്ലാത്തതിൻ്റെ പേരിൽ ആർക്കും ഇവിടെ നിന്ന് ഭക്ഷണമില്ലാതെ മടങ്ങേണ്ടി വരില്ല. ആളുകൾ കൂടിയാൽ ഉടൻ തന്നെ വീണ്ടും ഭക്ഷണം പാകം ചെയ്ത് നൽകാനുള്ള സംവിധാനവുമുണ്ട്. അറക്കൽ ആദിരാജ നൽകിയ കെട്ടിടത്തിലാണ് അത്താഴ കമ്മിറ്റിയുടെ പ്രവർത്തനം നടക്കുന്നത്.
