ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കല ടീച്ചറെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്. സയൻസ് അദ്ധ്യാപികയാണെങ്കിലും മലയാളഭാഷാദ്ധ്യാപികയേക്കാൾ നന്നായി കഥകളും കവിതകളും പറയും. അതുകൊണ്ടുതന്നെ സയൻസ് ക്ലാസുകൾ കുട്ടികൾക്ക് പ്രിയങ്കരം. മാർക്കിലും ഗ്രേഡിലും അത് പ്രതിഫലിക്കും. നേരത്തേയുണ്ടായിരുന്ന ടീച്ചർ ക്ലാസിൽ വരുന്നതുതന്നെ വിഷയത്തിൽ കടക്കാതെ എങ്ങനെ സമയം കളയാം എന്ന് ഗവേഷണം നടത്താനാണെന്ന് കുട്ടികൾ പരസ്പരം പറയുമായിരുന്നു. കുട്ടികളുടെ മനസും സിലബസും നന്നായറിയാവുന്ന അദ്ധ്യാപകർ എക്കാലവും മാനിക്കപ്പെടുന്നു.
മൊബൈൽ ശ്രീകല ടീച്ചർ ക്ലാസ് സമയത്ത് ഉപയോഗിക്കാറില്ല. അന്നത്തെദിവസം പതിവിൽ നിന്ന് വ്യത്യസ്തമായി മൊബൈൽ നോക്കി. പിന്നീട് ക്ലാസ് മുറിയിൽ നിന്ന് പുറത്തിറങ്ങി തിരിച്ചുവന്നപ്പോൾ ടീച്ചറുടെ മുഖത്ത് സമ്മിശ്രഭാവങ്ങളായിരുന്നു. ചില കുട്ടികൾ ടീച്ചറുടെ ഭാവമാറ്റത്തിന്റെ കാരണം ആരാഞ്ഞു. പറയാം. മുമ്പ് പഠിപ്പിച്ചിരുന്ന സ്കൂളിൽ നിന്നുള്ള ഒരു വിശേഷം. അതിൽ അല്പം സന്തോഷമുണ്ട്, ദുഃഖമാണ് കൂടുതൽ. കുട്ടികൾ നിശബ്ദരായി കാതോർത്തിരുന്നു.
ടീച്ചർ ആ വിശേഷം അവരുമായി പങ്കുവച്ചു. സുമി സ്ഥലംമാറി വരും മുമ്പ് പഠിപ്പിച്ചിരുന്ന സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. പഠിക്കാൻ ബഹുമിടുക്കി. നന്നായി നാടൻ പാട്ട് പാടും. ചുണ്ടുകളും കണ്ണുകളും ആ പാട്ടിന് ഭാവം പകരും. എത്രതവണകേട്ടാലും മതിയാകില്ല. അദ്ധ്യാപകരിൽ പലരും അവളുടെ ആരാധകരായി. ഇടയ്ക്കിടെ ക്ലാസിൽ വരില്ല. പിന്നെ ഉമ്മയെയും കൂട്ടി ക്ലാസിൽ വരുമ്പോൾ അല്പം പരിഹാസത്തോടെ ചോദിച്ചിട്ടുണ്ട്.
കള്ളത്തലവേദന. പഠിക്കാനുള്ള അലസത. അതുകേൾക്കുമ്പോഴും അവൾ പുഞ്ചിരിയോടെ കണ്ണുകൾ തുടയ്ക്കും. കലോത്സവങ്ങളിൽ അവൾ സമ്മാനങ്ങൾ വാരിക്കൂട്ടി. സംസ്ഥാനകലോത്സവത്തിന് പോകാൻ നേരവും അവൾ അനുഗ്രഹം തേടിവന്നു.പറഞ്ഞുതീരാത്ത എന്തൊക്കെയോ അവളുടെ കണ്ണുകളിൽ നിഴലിച്ചുനിന്നു. പിന്നെ സ്ഥലം മാറ്രമായി. കുട്ടികളെ സ്നേഹിച്ചും അടുത്തും ബന്ധം ദൃഢമാകുമ്പോഴായിരിക്കും അടുത്തസ്ഥലം മാറ്റം. സുമിക്ക് നാടൻ പാട്ടിൽ ഒന്നാംസ്ഥാനം കിട്ടിയത് പത്രത്തിൽ കണ്ടു. അഭിനന്ദിക്കാൻ വിളിച്ചപ്പോൾ ഫോണെടുക്കുന്നില്ല.
പിന്നെ സുമിയുടെ ഒരു കൂട്ടുകാരിയിൽ നിന്നാണ് സുമിക്ക് തലയിലൊരു ശസ്ത്രക്രിയ കഴിഞ്ഞുവെന്നും കൂട്ടുകാർ എല്ലാരീതിയിലും സഹായിച്ചെന്നും അറിയുന്നത്. വലിയ സങ്കടം തോന്നി. കഷ്ടിച്ച് രണ്ടുമാസം കഴിഞ്ഞു കാണും സുമി നാടൻ പാട്ടും ശാസ്ത്രീയസംഗീതവുമൊന്നുമില്ലാത്ത ഒരു ലോകത്തേക്ക് യാത്രയായ ദുഃഖവാർത്ത പത്രത്തിൽ കണ്ടത്. അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.
അവളുടെ നാടൻപാട്ട് ഹൃദയത്തിൽ കൊടുങ്കാറ്റായി മുഴങ്ങിക്കൊണ്ടിരുന്നു. ശ്രീകല ടീച്ചർ സുമിയുടെ ഓർമ്മകൾ പങ്കുവച്ചപ്പോൾ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പലകുട്ടികളും കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. ആ ദുഃഖം തരണം ചെയ്യാനായി ശ്രീകല ടീച്ചർ അല്പം മുമ്പ് തനിക്ക് വന്ന ഫോൺകാളിനെക്കുറിച്ച് പറഞ്ഞു: സുമിയുടെ ഓർമ്മയ്ക്കു വേണ്ടി സഹപാഠികൾ ഒരുലക്ഷം രൂപ ശേഖരിച്ചു. ശാസ്ത്രീയസംഗീതത്തിൽ ഏറ്റവും മിടുക്ക് കാട്ടുന്ന ഒരു പ്രതിഭയ്ക്ക് എല്ലാവർഷവും സമ്മാനം നൽകുമത്രേ. സ്നേഹമല്ലേ നാടൻപാട്ടും ശാസ്ത്രീയസംഗീതവുമെല്ലാം. എന്തുപറയണമെന്നറിയാതെ കുട്ടികൾ പരസ്പരം നോക്കി.