സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ശുപാർശ അംഗീകരിച്ച് പൊളിറ്റ് ബ്യൂറോ


ചെന്നൈ: കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ബേബിയുടെ പേര് മുന്നോട്ടുവെക്കും. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്ന നേതാവാണ് എംഎ ബേബി. ജനറല്‍ സെക്രട്ടറി ആരെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാത്രി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍, 16 പിബി അംഗങ്ങളില്‍ 11 പേരും ബേബിയെ പിന്തുണച്ചു. യോഗത്തില്‍ പി ബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിര്‍ദേശിച്ചത്.

പൊളിറ്റ് ബ്യൂറോ യോഗത്തില്‍ അഞ്ചുപേരാണ് എംഎ ബേബിയുടെ പേരിനെ എതിര്‍ത്തത്. പശ്ചിമ ബംഗാള്‍ ഘടകവും മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ അശോക് ധാവളെയുമാണ് ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തത്.

ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, ബംഗാള്‍ സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം, നീലോല്‍പ്പല്‍ ബസു, രാമചന്ദ്ര ഡോം എന്നിവരും, മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ധാവളെയുമാണ് ബേബിയുടെ പേരിനെ എതിര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയന് പിബിയില്‍ തുടരുന്നതിന് ഇളവ് നല്‍കാനും തീരുമാനിച്ചതായാണ് വിവരം.

പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ഒഴിവിലേക്ക് മരിയം ധവാളെ, യു വാസുക, അമ്രാ റാം, വിജു കൃഷ്ണന്‍, അരുണ്‍കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ എന്നിവര്‍ പൊളിറ്റ് ബ്യൂറോയിലെത്തും. പ്രായപരിധി കഴിഞ്ഞ മുതിര്‍ന്ന നേതാക്കളായ പി കെ ശ്രീമതി, ജമ്മു കശ്മീരിലെ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായി തുടരുന്നതില്‍ ഇളവ് അനുവദിച്ചേക്കും.


Read Previous

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Read Next

പിണറായിക്കും മുന്‍പേ കേന്ദ്ര കമ്മിറ്റിയില്‍, വി എസിന്റെ ഒഴിവില്‍ പി ബി അംഗം; എം എ ബേബിയുടെ രാഷ്ട്രീയ വളര്‍ച്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »