
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 19 ാം വാര്ഷികത്തോടനുബന്ധിച്ച് ‘മൈത്രി കേരളീയം 2024’ എന്ന പരിപാടി നവംബർ 1 ാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 200-ലധികം കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് വേണ്ടിയാണ് ‘മൈത്രി കേരളീയം 2024’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

ഈ വർഷത്തെ മൈത്രി കേരളീയം പുരസ്ക്കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും, മൈത്രി കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ഡോക്ടർ പുനലൂർ സോമരാജൻ ഗാന്ധിഭവനും, മൈത്രി ഹ്യുമാനിറ്റേറിയൻ പുരസ്ക്കാരം നസീർ വിളയിലിനും സമ്മാനിക്കും. പരിപാടിയിൽ മുഖ്യാഥിതികളായി ഇവർ പങ്കെടുക്കും.
റിയാദിലുള്ള കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മയായി 2005 ൽ രൂപീകരിച്ച മൈത്രി ജീവകാരുണ്യ പ്രവര്ത്തനങ്ങളിൽ ഊന്നി പ്രവര്ത്തിക്കുന്നു. ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേർക്ക് ആശ്വാസം പകര്ന്നു കഴിഞ്ഞു. കരുനാഗപ്പള്ളി പ്രാദേശിക കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്ത്തങ്ങളൂടെ ഗുണഫലം, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ ആളുകള്ക്കും ലഭിച്ചിട്ടുണ്ട്. തുടര്ന്നും മൈത്രിയുടെ പ്രവര്ത്തനങ്ങളുടെ ഗുണഭോക്താക്കൾ പൊതുസമൂഹമായിരിക്കും.
മൈത്രി കേരളീയം 2024 ന്റെ പോസ്റ്റർ പ്രകാശനം ഹബീബ് അബൂബക്കർ, അസീസ് വള്ളിക്കുന്ന് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് , ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, പ്രോഗ്രാം കൺവീനറും, അഡ്വൈസറി ബോർഡ് ചെയര്മാനുമായ ഷംനാദ് കരുനാഗപ്പള്ളി , ജീവകാരുണ്യ കൺവീനർ മജീദ് മൈത്രി, ചെയർമാൻ ബാലു കുട്ടൻ, ഫത്തഹുദീൻ, ഷാജഹാൻ മൈനാഗപ്പള്ളി, ഹുസൈൻ എന്നിവർ പങ്കെടുത്തു.
മൈത്രി കേരളീയത്തോടനുബന്ധിച്ച് ഗാനമേള, വിവിധ കലാപരിപാടികൾ, ന്യത്ത ന്യത്ത്യങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പരിപാടി സ്ഥലത്തേക്കുള്ള പ്രവേശനം സൗജന്യമാണ്.