മലബാറിലെ ട്രെയിൻ യാത്രാ ദുരിതം അവസാനിക്കുന്നു?: പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഷാഫി പറമ്പിൽ എംപി


കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്ര ദുരിതം പരിഹരിക്കാൻ പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നൽകിയതായി വടകര എംപി ഷാഫി പറമ്പില്‍. ക്രിസ്‌തുമസ് സീസണിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്ന് ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചതായി എംപി അറിയിച്ചു.

കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിലേക്ക് പോകുന്ന തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നതായിരിക്കും. കോഴിക്കോടും വടകരയും കഴിഞ്ഞാലുള്ള പ്രധാന സ്റ്റേഷനായ കൊയിലാണ്ടി സ്റ്റേഷൻ ഈ ഭരണ കാലയളവിൽ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടകരയ്ക്കും കോഴിക്കോടിനും ഇടയിലുള്ള ദൂരം കൊണ്ട് തന്നെ കൂടുതൽ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കേണ്ടതിൻ്റെ അനിവാര്യത മന്ത്രിയെ അറിയിച്ചതായും ഷാഫി പറമ്പില്‍ അറിയിച്ചു.

”കോഴിക്കോട് മംഗലാപുരം റൂട്ടിൽ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂറിലധികം ഇടവിട്ട് മാത്രമേ അടുത്ത ട്രെയിനുള്ളുവെന്ന് മന്ത്രിയെ ബോധ്യപ്പെടുത്താനായി. പരശുവിലെയും പാസഞ്ചറിലെയും തിരക്കിൻ്റെ സാഹചര്യങ്ങളും വിശദീകരിച്ചത് കൊണ്ട് മേൽ, ഇടവേളയിൽ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുവാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി”. ഷാഫി പറമ്പിൽ പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊർണ്ണൂർ-കോഴിക്കോട് വഴി രാത്രി മംഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയിൽ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചത്. ബാക്കി കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി ഫോളോ അപ്പ് ചെയ്യുമെന്നും എംപി കൂട്ടിച്ചേർത്തു.


Read Previous

ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം, 30 പലസ്തീനികൾ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്

Read Next

പൊന്നാനിയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഇടയിലേയ്ക്ക് കാർ ഇടിച്ചു കയറി; മൂന്ന് കുട്ടികൾക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »