ചെന്നൈ: തുടര്‍ച്ചയായ 13ാം തവണയും സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി മുംബയ് ഇന്ത്യന്‍സ്. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെ 19.5 ഓവറുകളില്‍ നാല് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുംബയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മലപ്പുറം സ്വദേശി വിഘ്‌നേഷ് പുത്തൂര്‍ തിളങ്ങിയത് മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വകയായി. ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് നീങ്ങിയ ചെന്നൈയെ മലയാളി താരം ഒരുപരിധിവരെ പിടിച്ചുനിര്‍ത്തുകയായിരുന്നു.

സ്‌കോര്‍: മുംബയ് ഇന്ത്യന്‍സ് 155-9 (20) | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 158-6 (19.1)
156 രണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ഓപ്പണര്‍ രാഹുല്‍ തൃപാഠിയുടെ വിക്കറ്റ് 2(3) രണ്ടാം ഓവറില്‍ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 53(26) – രചിന്‍ രവീന്ദ്ര 65*(45) സഖ്യം എട്ടാം ഓവറില്‍ സ്‌കോര്‍ 78 വരെ എത്തിച്ചു. ഇവിടെ നിന്ന് മലയാളി താരം വിഗ്നേഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായി. റുതുരാജ്, ശിവം ദൂബെ 9(7), ദീപക് ഹൂഡ 3(5) എന്നിവരെയാണ് വിഘ്‌നേഷ് പുറത്താക്കിയത്.
സാം കറന്‍ അഞ്ചാമനായി പുറത്താകുമ്പോള്‍ ജയം 40 റണ്‍സ് അകലെയായിരുന്നു. പിന്നീട് രചിനൊപ്പം രവീന്ദ്ര ജഡേജ 17(18) ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദ് എന്നിവരാണ് ചെന്നൈ ബൗളിംഗില്‍ മികവ് കാണിച്ചത്. ഒമ്പതാമനായി ക്രീസിലെത്തി 15 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്ന മുന്‍ സിഎസ്‌കെ താരം ദീപക് ചഹാറാണ് മുംബയ് സ്‌കോര്‍ 150 കടത്തിയത്.