ഒരുതുള്ളി ചോര വീഴ്‌ത്താതെ ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടത്തിയ മലയാളി; കണ്ണൂരുകാരി റീഷ്‌മ രമേശൻ ഐപിഎസിന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ആദരം


കണ്ണൂർ: മാവോവാദികൾ തലങ്ങും വിലങ്ങും റോന്ത് ചുറ്റുന്ന ജാര്‍ഖണ്ഡ്. നിയമവാഴ്‌ചയും ക്രമസമാധാ നവും മാവോവാദികള്‍ക്ക് മുന്നില്‍ പലപ്പോഴും തോറ്റുപോയിരുന്ന ഇടം. കേരളം പോലുള്ള സംസ്ഥാന ങ്ങളെ അപേക്ഷിച്ച് രാഷ്‌ട്രീയമായും സാമൂഹികമായും സുരക്ഷിതമല്ലാത്തൊരു ഇടം.

2020ൽ കേരളത്തില്‍ നിന്നൊരു പൊലീസുകാരി അവിടെ ചാര്‍ജ് എടുക്കുന്നു. കണ്ണൂരിലെ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് ഏറെ പേരുകേട്ട കതിരൂരിന്‍റെ മണ്ണില്‍ നിന്നുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥ, റീഷ്‌മ രമേശൻ ഐപിഎസ്.

പിന്നീടങ്ങോട്ട് പ്രബലമായ മാവോയിസ്‌റ്റ് സംഘങ്ങളോട് റീഷ്‌മ രമേശന്‍ സന്ധിയില്ലാ പോരാട്ടം ആരംഭിക്കുന്നു. സര്‍ക്കാര്‍ 10 ലക്ഷം വിലയിട്ട മാവോവാദിയെയും നിര്‍വീര്യമാക്കുന്നു. മൂന്ന് ദശാബ്‌ദത്തിന് ശേഷം ജാർഖണ്ഡിലെ പലാമു ജില്ലയിൽ സമാധാനപരമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ സാധ്യമാക്കിയതിന് കയ്യടി നേടിയ മലയാളി പൊലീസ് സൂപ്രണ്ടിന്‍റെ പിന്നാമ്പുറ കഥകൾ ഇങ്ങനെയൊക്കെയാണ്.

അർഹിക്കുന്ന ആദരം: ഇന്ന് റീഷ്‌മ രമേശനെ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബഹുമതി എത്തിയിരിക്കികയാണ്. പലാമു ജില്ലയില്‍ ഒരു തുള്ളി ചോര വീഴാതെ തെരഞ്ഞെടുപ്പ് പൂർത്തി യാക്കിയതിനാണ് സ്ഥലം എസ്‌പിയായ റീഷ്‌മ രമേശനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദരിക്കുന്നത്. ദേശീയ സമ്മതിദായക ദിനമായ ഇന്ന് ജനുവരി 25 ന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീഷ്‌മയെ ആദരിക്കുക.

മാവോവാദി മേഖലയായ പലാമുവിൽ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായും അല്ലാതെയും സംഘർഷം പതിവായിരുന്നു. മാവോവാദി സാന്നിധ്യത്തെനൊപ്പം രാഷ്‌ട്രീയ സംഘർഷങ്ങളുമായതോടെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് കൂട്ടായ പ്രവർത്തനത്തിലൂടെ റീഷ്‌മ നല്ലനാടിനെ പടുത്തുയര്‍ത്തിയത്.

എല്ലാം സമാധാനപരം: ഇത്തവണ ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനെതിരെ പോസ്‌റ്റർ പ്രചരണം പോലും ഉണ്ടായിരുന്നില്ല എന്നതാണ് കൗതുകം. 2019 ലെ തെരഞ്ഞെടുപ്പിൽ ബൂത്തിന് പുറത്ത് സംഘർഷം ഉണ്ടായപ്പോൾ സ്ഥാനാർഥി തന്നെ റൈഫിൾ പുറത്തെടുത്തത് വലിയ വാർത്തയായിരുന്നു. ‘രാഷ്‌ട്രീയ സംഘർഷങ്ങളും ഏറ്റുമുട്ടലും പതിവായ നാട്ടിൽ ഇത്തവണ മാസങ്ങളുടെ ഇടവേളയിൽ ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും സമാധാനപരമായാണ് നടന്നത്’ എന്ന് റീഷ്‌മ പറഞ്ഞു.

കഴിഞ്ഞ മേയിൽ ആയിരുന്നു ലോകസഭ തെരഞ്ഞെടുപ്പ്. നവംബറിൽ രണ്ട് ഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാനത്ത് സമാധാന പൂർണമായി തെരഞ്ഞെടുപ്പ് നടത്തിയതിന് 8 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദരിക്കുന്നത്. തന്‍റെ കൂടെ ജോലി ചെയ്‌ത മുഴുവൻ ടീമിനാണ് ഈ ആദരമെന്ന് റീഷ്‌മ പറഞ്ഞു.

മേഖലയെ സമാധാനത്തിലേക്ക് നയിക്കാനായതിനു പിന്നിൽ മുഴുവൻ സേനയുടെയും പരിശ്രമമുണ്ട്. പൊലീസിന്‍റേയും സുരക്ഷാ സേനയുടെയും നടപടികളെ തുടർന്ന് മേഖലയിൽ മാവോവാദി സാന്നിധ്യം ഏറെക്കുറെ ഇല്ലാതായി എന്നും അവർ പറഞ്ഞു. കതിരൂർ രശ്‌മിയിൽ ഡോ. രമേശന്‍റെയും ഡോ. രോഹിണി രമേശന്‍റെയും മകളാണ് റീഷ്‌മ രമേശന്‍. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ റീഷ്‌മ രമേശന്‍ അങ്കമാലി ഫിസാറ്റിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. 2017 ബാച്ചിലാണ് ഐപിഎസ് നേടിയത്.

കേരള കേഡര്‍ ആയിരുന്ന റീഷ്‌മ ജാർഖണ്ഡ് സ്വദേശിയായ ഐപിഎസ് ഉദ്യോഗസ്ഥൻ അഞ്ജനി അഞ്ജനെ വിവാഹം കഴിച്ച ശേഷമാണ് അങ്ങോട്ടു മാറിയത്. ആന്‍റി കറപ്ഷൻ ബ്യൂറോയിൽ എസ്‌പിയാണ് അഞ്ജനി അഞ്ജൻ. പെരിന്തൽമണ്ണ എഎസ്‌പി ആയിട്ടായിരുന്നു റീഷ്‌മയുടെ ആദ്യ നിയമനം. കണ്ണൂരിൽ നാർകോട്ടിക്ക് സെൽ എഎസ്‌പി ആയും സേവനമനുഷ്‌ഠിച്ചിരുന്നു.


Read Previous

മോർച്ചറിയിൽ നിന്ന് പുതുജീവിതത്തിലേക്ക്…!; മരിച്ചെന്ന് കരുതിയ പവിത്രൻ ആശുപത്രി വിട്ടു

Read Next

ടോസ് ഇന്ത്യക്ക്; ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു; ഷമി ഇല്ല; ടീമിൽ രണ്ട് മാറ്റങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »