യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്


യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ സാജു (52)വിനെ നോർത്താംപ്ടൻഷെയർ കോടതിയാണ് ശിക്ഷിച്ചത്. 2022 ഡിസംബറിലാണ് യുകെയിൽ നഴ്സായ വൈക്കം സ്വദേശി അഞ്ജു (35), മക്കളായ ജാൻവി (നാല്), ജീവ (ആറ്) എന്നിവർ മരിച്ചത്. നോർത്താംപ്ടൻഷെയറിലെ കെറ്ററിങിലുള്ള വീട്ടിൽ വച്ചാണ് കൊലപാതകം. അഞ്ജു സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മക്കൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മൂന്ന് പേരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

അഞ്ജുവിനു വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യ ലഹരിയിൽ ഭാര്യയേയും മക്കളേയും കൊന്നു എന്നാണ് സാജുവിന്റെ മൊഴി. കേസിൽ കഴിഞ്ഞ ഏപ്രിലിൽ സാജു കുറ്റസമ്മതം നടത്തിയിരുന്നു. അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടര്‍ ജെയിംസ് ന്യൂട്ടന്‍-പ്രൈസ് കെസി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യ ജോലിക്കു പോകുന്ന സമയത്ത് ഡേറ്റിങ് വെബ്സൈറ്റുകളില്‍ സ്ത്രീകള്‍ക്കായി ഇയാൾ തരച്ചിൽ നടത്തിയതായും കണ്ടെത്തി.

കെറ്ററിങിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു അഞ്ജു. ഇതേ സ്ഥലത്തു ഒരു സ്വാകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിനു ജോലി. അഞ്ജുവിനെ കാണാത്ത തിനെ തുടർന്നു അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെ ത്തുമ്പോൾ സാജു വീട്ടിലുണ്ടായിരുന്നു. അഞ്ജുവിനെ കൊന്നു നാല് മണിക്കൂറിനു ശേഷമാണ് മക്കളെ കൊന്നതെന്നും മൊഴിയുണ്ടായിരുന്നു.

2012ലാണ് അഞ്ജുവും സാജുവും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. 2021ലാണ് യുകെയില്‍ താമസത്തിനെത്തിയത്. യുകെയില്‍ എത്തിയതിന് പിന്നാലെ ചില കുടുംബ പ്രശ്‌നങ്ങളും ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു. സാജു സ്ഥിരമായി അഞ്ജുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കൊലപാതക വിവരം പുറത്തു വന്നതിന് പിന്നാലെ കുടുംബം ആരോപണവും ഉന്നയിച്ചിരുന്നു.


Read Previous

പേമാരിപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം; മരം കടപുഴകി, വീടുകള്‍ തകര്‍ന്നു; അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം; വീഡിയോ

Read Next

വിരുന്ന് കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്നതുവരെ സന്തോഷവതി, രാത്രി വിളിച്ചപ്പോൾ തലവേദനയെന്ന് പറഞ്ഞു, തൂങ്ങിമരിച്ചത് 11 മണിയോടെ: സോനയുടെ മരണം പിറ്റേന്ന് വീണ്ടും ജോലിക്ക് പോകാനിരിക്കേ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »