
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍-താമസ നിയമലംഘനത്തിന് അറസ്റ്റിലായ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള അറുപതോളം വിദേശ തൊഴിലാളികള്‍ക്ക് മോചനം. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായ വരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്.
ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് തടവില്‍ കഴിയുന്ന മുഴുവന്‍ പേരെയും വിട്ടയച്ചതെന്ന് മോചിതരായവരുടെ ബന്ധുക്കള്‍ അറിയിച്ചു. അറസ്റ്റിലായിരുന്ന തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ തുടരാനും അനുവാദമുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കുവൈറ്റ് എംബസിയും ഇടപെട്ടിരുന്നു.
കുവൈറ്റിലെ മാലിയ മേഖലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ മാസമാണ് കസ്റ്റഡിയിലെടുത്തത്. ഹ്യൂമന്‍ റിസോഴ്സ് കമ്മിറ്റി സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്ത് ജോലി ചെയ്യാനുള്ള ലൈസന്‍സോ യോഗ്യതയോ ഇവര്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായവരില്‍ ഫിലീപ്പീന്‍സ്, ഈജിപ്റ്റ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നു. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയു മുണ്ടായി. ഇവരില്‍ അഞ്ച് മലയാളി നഴ്സുമാര്‍ നവജാത ശിശുക്കളുടെ അമ്മമാരാണ്. അടൂര്‍ സ്വദേശി ജെസിന് ഒരു മാസം മാത്രം പ്രായമായ കുഞ്ഞുണ്ട്. ഭര്‍ത്താവ് ബിജോയി മകളെ ജയിലിലെത്തിച്ചു മുലപ്പാല്‍ നല്‍കുകയാണ് ചെയ്തിരുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇന്ത്യന്‍ എംബസിയും ഇടപെട്ടെങ്കിലും മോചനം വൈകുകയായിരുന്നു.
കസ്റ്റഡിയിലായവരില്‍ മിക്കവരും മൂന്ന് മുതല്‍ 10 വര്‍ഷമായി ഇതേ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവരാണ്. ഇവരുടെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ ബോധ്യ പ്പെടുത്തിയിരുന്നു. നിയമക്കുരുക്കില്‍ അകപ്പെട്ടതിനാല്‍ മാനുഷിക പരിഗണന നല്‍കി ജയില്‍മോചനത്തിന് അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് അറസ്റ്റിലായ നഴ്സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും എംബസി അധികൃതര്‍ക്കും അപേക്ഷ നല്‍കിയിരുന്നു.