ദുബായ്: പുണ്യമാസമായ റമദാനില്‍ അമ്മമാരുടെ പേരില്‍ ദുബായ് പ്രഖ്യാപിച്ച ‘മദേഴ്സ് എന്‍ഡോവ്മെന്റ്’ വിദ്യാഭ്യാസ പദ്ധതിയിലേക്ക് മലയാളി വ്യവസായ പ്രമുഖന്‍ 900 കോടി രൂപ (400 മില്യണ്‍ ദിര്‍ഹം) സംഭാവന നല്‍കി. ശോഭ റിയല്‍ട്ടേഴ്സ് സ്ഥാപനകന്‍ പിഎന്‍സി മേനോനാണ് തുക നല്‍കിയത്.

ദുബായില്‍ ലോകോത്തര നിലവാരമുള്ള സര്‍വകലാശാല നിര്‍മിക്കാന്‍ ഈ തുക ഉപയോഗപ്പെടുത്തും. മദേഴ്സ് എന്‍ഡോവ്മെന്റ് പദ്ധതിയിലേക്ക് പ്രവാസി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനാണ് പിഎന്‍സി മേനോന്റെ സംഭാവനയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.
സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശോഭ റിയല്‍ട്ടേഴ്സുമായി കരാര്‍ ഒപ്പു വെച്ചതായി ഷെയ്ഖ് ഹംദാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. 400 മില്യണ്‍ ദിര്‍ഹം നല്‍കി സംരംഭത്തെ പിന്തുണച്ച ശോഭ റിയല്‍ട്ടേഴ്സ് സ്ഥാപകന്‍ പിഎന്‍സി മേനോന് കിരീടാവകാശി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ശോഭ റിയല്‍ട്ടേഴ്സും മദേഴ്സ് എന്‍ഡോവ്മെന്റും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ ഷെയ്ഖ് ഹംദാനും പിഎന്‍സി മേനോനും സംബന്ധിച്ചു. പദ്ധതിയുടെ രേഖാചിത്രങ്ങളും വീഡിയോയും ഷെയ്ഖ് ഹംദാന്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ ഉദാരമനസ്‌കതയില്‍ അഭിമാനംകൊള്ളുന്നുവെന്നും ആഗോള വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന തില്‍ ഇത് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഏതാനും ദിവസം മുമ്പ് ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ (22,57,69,45,430 രൂപ) ‘മദേഴ്സ് എന്‍ഡോവ്മെന്റ്’ എന്ന ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്. ദുബായ് ഭരണകൂടം എല്ലാ വര്‍ഷവും റമദാനില്‍ ജനങ്ങളെ സഹായിക്കുന്നതിനുള്ള പ്രത്യേക ഫണ്ട് സമാഹരണം നടത്തിവരുന്നു. ഇത്തവണ മദേഴ്സ് എന്‍ഡോവ്മെന്റ് എന്ന പേരിലാണ് വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കുന്നത്.