
തൃശൂര്‍: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായുള്ള വെളിപ്പെ ടുത്തലിന് പിന്നാലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലിക സാരാഭായ്. തൃശ്ശൂരിലെ ആശമാരുടെ സമരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്താണ് മല്ലികാ സാരാഭായ് സര്‍ക്കാരിന്റെ വിലക്ക് നീക്കത്തെ തള്ളിയത്. ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആന്‍സി എന്ന ആശാവര്‍ക്കറുടെ അക്കൗണ്ടിലേക്കാണ് മല്ലിക സാരാഭായി 1000 രൂപ പ്രതിഷേധ ഓണറേറിയം എന്ന നിലയില്‍ കൈമാറിയത്.
ആശമാരുടെ പരിപാടിയില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ പങ്കെടുക്കുന്നത് വിലക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കു വെച്ചത്. ‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വര്‍ക്കര്‍മാര്‍ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ നാളുകളായി അവര്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാന്‍ ഇനി അനുവദിക്കില്ല. ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണം?’- എന്നായിരുന്നു മല്ലിക സാരാഭായിയുടെ കുറിച്ച്.
തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടിയില്‍ ആയിരുന്നു മല്ലിക സാരാഭായി ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. ആശ വര്‍ക്കര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ ആദ്യഗഡു വിതരം മല്ലികാ സാരാഭായ് നിര്‍വഹിക്കുന്ന നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകരായ സാറ ജോസഫ്, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരും പ്രതിഷേധ ഓണ റേറിയം വിതരണ പരിപാടിയില്‍ പങ്കെടുത്തു.