ഒരു കുട്ടിയെ കളിപ്പാട്ടം പോലെ എന്നെ കൊതിപ്പിച്ചു..” പി ജയചന്ദ്രന് യാത്രാമൊഴിയുമായി മഞ്ജു വാര്യർ


പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. ഓർമ്മകളിലേയ്‌ക്കുള്ള തോണിയാണ് തനിക്ക് ജയചന്ദ്രന്‍റെ പാട്ടുകളെന്ന് മഞ്ജു. ഫേസ്‌ബുക്കിലൂടെ യായിരുന്നു പ്രിയ ഗായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി രംഗത്തെത്തിയത്. സിനിമ കാണാന്‍ ഇഷ്‌ടമല്ലാതിരുന്ന ഒരു കുട്ടിയെ കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്‌ക്രീനിലേയ്‌ക്ക് പ്രേരിപ്പിക്കുകയും ചെയ്‌ത ശബ്‌ദമാണ് അദ്ദേഹത്തിന്‍റേതെന്നും മഞ്ജു ഫേസ്‌ബുക്കില്‍ കുറിച്ചു.

“ഓർമ്മകളിലേയ്‌ക്കുള്ള തോണിയാണ് എനിക്ക് ജയേട്ടന്‍റെ ഓരോ പാട്ടും. എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്‍റെ അരികത്ത് കൊണ്ടുചെന്ന് നിർത്തും. സിനിമ കാണുന്നത് ഇഷ്‌ടം ഇല്ലായിരുന്ന ഒരു കുട്ടിയെ ഒരു കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്ക്രീനിലേയ്‌ക്ക് നോക്കിയിരിക്കാൻ പ്രേരിപ്പി ക്കുകയും ചെയ്‌ത ശബ്‌ദം. തിയേറ്ററിൽ കരഞ്ഞ് വഴക്കുണ്ടായ ഏതോ ഒരു സന്ധ്യയിലാണ് ഞാൻ ജയേട്ടന്‍റെ ശബ്‌ദം ആദ്യമായി കേട്ടത്.

വൈദേഹി കാത്തിരുന്താൾ എന്ന സിനിമയിലെ ‘രാസാത്തി ഉന്നെ കാണാതെ നെഞ്ച്’ എന്ന പാട്ട്. എന്തുകൊണ്ടാണെന്ന് ഇന്നും അറിയില്ല, കേട്ടപ്പോൾ എന്‍റെ കാതുകൾ ആ പാട്ടിൻ്റെ വഴിയേ പോയി. നിലാവുള്ള ആ രാത്രിയും, ആരും ഇല്ലാതെ ഒഴുകി നീങ്ങുന്ന കുട്ടവഞ്ചിയും, കൽപ്പടവുകളില്‍ ഇരിക്കുന്ന വിജയകാന്തും ആ ശബ്‌ദത്തിനൊപ്പം എന്നേക്കുമായി ഹൃദയത്തിൽ പതിഞ്ഞു. ഓർമ്മയിലെ ആദ്യത്തെ സിനിമാവിഷ്വൽ.

എന്‍റെ കുട്ടിക്കാല ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്. വളരെ വളരെ എന്ന ആവർത്തനം കൊണ്ടു പോലും ആ പാട്ടിനോടുള്ള ഇഷ്‌ടം വിവരിക്കാന്‍ ആകില്ല. അത്രയ്ക്കും അധികമാണ് ആ പാട്ട്. എപ്പോൾ കേട്ടാലും തരുന്ന ആനന്ദവും ബാല്യത്തെ കുറിച്ചുള്ള നഷ്‌ടബോധവും. ഇങ്ങനെ ഏതു തലമുറയ്ക്കും അവരുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും കുറിച്ചുള്ള ഓർമ്മകൾ തിരികെക്കൊടുത്തു ജയേട്ടൻ.

​ഗൃഹാതുരതയിൽ ശബ്‌ദത്തെ ചാലിച്ച ​ഗായകൻ. വർഷങ്ങൾക്ക് ശേഷം ‘എന്നും എപ്പോഴും’ എന്ന സിനിമയിലെ ‘മലർവാകക്കൊമ്പത്ത്’ അദ്ദേഹം പാടിയപ്പോൾ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി. ജയേട്ടന്‍റെ പാട്ട് നിലയ്ക്കുമ്പോൾ വല്ലാതെ വേദനിക്കുന്നത് അത് ജീവിതത്തിന്‍റെ എവിടെയൊക്കയോ തൊട്ടു നില്‍ക്കുന്നത് കൊണ്ടാണ്. പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി,” മഞ്ജു വാര്യര്‍ കുറിച്ചു.

താര രാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും പി ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. “പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ” -എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ശബ്‌ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്‍പ്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം എന്ന് മോഹന്‍ലാലും കുറിച്ചു.


Read Previous

ലൈംഗിക അധിക്ഷേപ കേസ്; ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി, ഉച്ചയ്ക്കു ശേഷം പരിഗണിക്കും

Read Next

പി കെ ഫിറോസിനെതിരെ അറസ്‌റ്റ് വാറൻ്റ്; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »