മാര്‍ക്കോ യാന്‍സന്റെ മധുര പ്രതികാരം, സംപൂജ്യനായി സഞ്ജു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 125 റണ്‍സ് വിജയലക്ഷ്യം


ഡര്‍ബന്‍: രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ 125 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തി. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ച് കഴിഞ്ഞ മത്സരങ്ങളില്‍ ആരാധകരെ ആവേശിലാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായി. മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തത്.

45 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴികെ ബോള്‍ ചെയ്ത അഞ്ച് ബോളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു.

ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ രണ്ടക്കം കണ്ടത് തിലക് വര്‍മയും അക്ഷര്‍ പട്ടേലും മാത്രമാണ്. സഞ്ജു സാംസണിനു പുറമേ അഭിഷേക് ശര്‍മ (4), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (4), റിങ്കു സിങ് (9) എന്നിവര്‍ നിരാശപ്പെടുത്തി. 28 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത അര്‍ഷ്ദീപ് ഹാര്‍ദിക് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടു കണ്ടെത്തിയത്.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ സഞ്ജു സാംസണിനെ മാര്‍ക്കോ യാന്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട യാന്‍സന്റെ മധുരപ്രതികാരമായിരുന്നു കണ്ടത്. ഇതോടെ, ഒരു കലണ്ടര്‍ വര്‍ഷം ട്വന്റി20യില്‍ നാലു തവണ ഡക്കാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പേരും സഞ്ജുവിന്റെ പേരിലായി. ഒരേ കലണ്ടര്‍ വര്‍ഷം രണ്ടു സെഞ്ചറിയും നാലു ഡക്കും നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു.

തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും ഇതുവരെ മുതലെടുക്കാനാകാതെ പോയ അഭി ഷേക് ശര്‍മയുടെ ഊഴമായിരുന്നു അടുത്തത്. ജെറാള്‍ഡ് കോട്‌സെയുടെ പന്തില്‍ മാര്‍ക്കോ യാന്‍സന് ക്യാച്ച് സമ്മാനിച്ച് അഭിഷേക് രണ്ടാം ഓവറിലും പുറത്തായി. നാലാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലും തിലക് വര്‍മയും ചേര്‍ന്നാണ് അല്‍പ്പമെങ്കിലും ആശ്വസിക്കാനുള്ള വക നല്‍കിയത്. തിലക് വര്‍മയെ പറഞ്ഞ് വിട്ട് ഡേവിഡ് മില്ലറിന്റെ ക്യാച്ചില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രമാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് അധികം വൈകാതെ തന്നെ അക്ഷര്‍ പട്ടേലും റണ്ണൗട്ട്. 11 പന്തില്‍ 9 റണ്‍സെടുത്ത റിങ്കു എന്‍കബയോംസി പീറ്ററിന്റെ പന്തില്‍ കോട്‌സെയുടെ കൈകളില്‍ ഔട്ട്.


Read Previous

മേഴ്‌സിക്കുട്ടിയമ്മയോ, ആരാണത്?; പരിഹസിച്ച് എന്‍ പ്രശാന്ത്; ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചു

Read Next

ഹമാസ്- ഇസ്രയേൽ മധ്യസ്ഥ റോളിൽ നിന്ന് പിന്മാറ്റം സ്ഥിരീകരിച്ച് ഖത്തർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »