ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട കൊടും ഭീകരരില്‍ മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താവും ലഷ്‌കര്‍ തലവനും; വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍


ശ്രീനഗര്‍: മെയ് 7 ന് പുലര്‍ച്ചെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട കൊടും ഭീകരരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ലഷ്‌കര്‍ ത്വയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘട നകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മുദാസ്സര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസുഫ് അസ്ഹര്‍, ഖാലിദ്, മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരെയാണ് സൈന്യം വധിച്ചത്. കൃത്യമായ ആസൂത്രണത്തോടയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം.

മുദാസ്സര്‍ ഖാദിയാന്‍ ഖാസിന്റെ (മുദാസ്സര്‍, അബു ജുണ്ടാല്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടി രുന്നു) സംസ്‌കാരത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിലെ ഒരു ലഫ്റ്റനന്റ് ജനറലും പാക്ക് പഞ്ചാബ് പൊലീസ് ഐജിയും പങ്കെടുത്തെന്നും സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. പാക് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട ഹാഫിസ് മുഹമ്മദ് ജമീല്‍, അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭര്‍ത്താവാണ് മുഹമ്മദ് യൂസുഫ് അസ്ഹര്‍. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസില്‍ ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. അബു ആകാഷ എന്നറിയപ്പെടുന്ന ഖാലിദ്, ലഷ്‌കര്‍ ഭീകരനാണ്. ജമ്മുകശ്മീരില്‍ നടന്ന വിവിധ ഭീകരാക്രമ ണങ്ങളിലും അഫ്ഗാനിലേക്കുള്ള ആയുധക്കള്ളക്കടത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഫൈസലാബാദില്‍ നടന്ന ഇയാളുടെ സംസ്‌കാരച്ചടങ്ങിലും പാക് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മിഷണറും പങ്കെടുത്തിരുന്നു.

ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹസ്സന്‍ ഖാന്‍. പാക് അധിനിവേശ കശ്മീരിലെ ജയ്‌ഷെ മുഹമ്മദിന്റെ ഓപറേഷനല്‍ കമാന്‍ഡര്‍ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകനാണ് ഇയാള്‍. ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.


Read Previous

അതിര്‍ത്തികളില്‍ നിന്ന് സുരക്ഷിതമായി ഡല്‍ഹി കേരള ഹൗസില്‍; നാട്ടിലേക്ക് തിരിക്കാന്‍ 75 മലയാളി വിദ്യാര്‍ഥികള്‍, ആശ്വാസം

Read Next

ഇനി സമാധാനം; ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ അംഗീകരിച്ചു, വെടിനിര്‍ത്തല്‍ നിലവില്‍ വന്നത് വൈകിട്ട് അഞ്ച് മണി മുതല്‍ വിക്രം മിസ്രി; ചർച്ചയിൽ മൂന്നാം കക്ഷിയില്ലെന്നും അറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »