
റിയാദ് : റിയാദിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ് മാസ്റ്റേഴ്സ് റിയാദ് പതിമൂന്നാം വാർഷികം ആഘോഷിച്ചു.
ഹാരയിലെ ചാറ്റ്ഖർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മാസ്റ്റേഴ്സ് ക്ലബ് ചെയർമാൻ ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. എൻ.എം.സി.ഇ ലോജിസ്റ്റിക്സ് എം.ഡി മുഹമ്മദ് ഖാൻ പരിപാടിയിലെ മുഖ്യാഥിതി ആയിരുന്നു. ചടങ്ങിൽ കെ.സി.എ ട്രഷറർ സീ.ആർ. കുമാർ, സാനു മാവേലിക്കാരെ, പ്രിൻസ് തോമസ്, സലാം ഇടുക്കി, ഖലീൽ, റിയാസ് വണ്ടൂർ, റിയാദിലെ വിവിധ ക്ലബ് പ്രതിനിധികളായ രാജേഷ് (റെഡ് വാരിയർസ്), ബിനീഷ് (റോക്‌സ്റ്റർസ്), ഷഫീക് (യൂത്ത് ഇന്ത്യ) എന്നിവർ ആശംസളർപ്പിച്ച് സംസാരിച്ചു.
ക്രിക്കറ്റ് ക്ലബ് എന്നതിലുപരി സാമൂഹിക ജീവ കാരുണ്യ രംഗത്തും സജീവമായി ഇടപെടുന്ന റിയാദ് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ആശംസകളർപ്പിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കാശ്മീരിലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തിയാരംഭിച്ച പരിപാടി ലഹരിക്കെതിരിൽ കളിയിടങ്ങൾ സജീവമാക്കണമെന്ന സന്ദേശം ഉയർത്തിപിടിച്ചു.
മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് മാനേജർ അമീർ മധൂർ അവതരിപ്പിച്ചു. കൂടാതെ ടീമിനെക്കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനവും നടത്തി.
അർബുദ രോഗം ബാധിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ മാസ്റ്റേഴ്സ് ടീമംഗം സതീഷ് വയനാടിനെ പരിപാടിയിൽ അനുസ്മരിച്ചു.
മാസ്റ്റേഴ്സ് ടീമിന് വേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ അംഗങ്ങളെയും ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. പുതിയ സീസണിലേക്കുള്ള കമ്മിറ്റിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
പരിപാടിയിൽ അമീർ മധുർ സ്വാഗതവും അബ്ദുൽകരീം നന്ദിയും പറഞ്ഞു.