
തിരുവനന്തപുരം: സിനിമയില്‍ ലൈംഗിക ചൂഷണത്തിന് ഇടനിലക്കാരുണ്ടെന്ന് നടി ശ്രീലത നമ്പൂതിരി. സ്ത്രീകള്‍ അടക്കിപ്പിടിച്ചതെല്ലാം ഇപ്പോള്‍ പൊട്ടിത്തെറിക്കുക യാണ്. ചൂഷണം പതിവാണ്. നിലനില്‍പ്പിനായി ചിലര്‍ കണ്ണടയ്ക്കും. പലര്‍ക്കും വിലക്ക് വന്നു. സെറ്റില്‍ മോശം അനുഭവമുണ്ടായ നടിയും അമ്മയും തന്റെ മുറിയിലേക്ക് കയറിവന്നു. രാത്രി മുഴുവന്‍ തന്റെ മുറിയിലാണ് കഴിഞ്ഞതെന്നും ശ്രീലത നമ്പൂതിരി വ്യക്തമാക്കി.
ജൂനിയര്‍ നടിമാര്‍ ചിലരൊക്കെ മോശം അനുഭവമുണ്ടായതായി പറഞ്ഞു. അപ്പോള്‍ ഇങ്ങനെ പരസ്പരം പറഞ്ഞോണ്ടിരിക്കാതെ പരാതിപ്പെടാന്‍ പറഞ്ഞു. എന്നാല്‍ പരാതി നല്‍കാന്‍ അവര്‍ക്ക് ധൈര്യമില്ല. ഇത്തരം അനുഭവമുണ്ടായാല്‍ പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ തയ്യാറാകണം. സിനിമ അല്ലെങ്കില്‍ വേറെ ജോലി ചെയ്ത് ജീവിക്കുമെന്ന നിലപാട് വേണമെന്ന് ശ്രീലത നമ്പൂതിരി പറഞ്ഞു.
സിനിമ മാത്രം എന്നു പറഞ്ഞ് സഹിക്കാന്‍ തയ്യാറായാല്‍ ഇത്തരം ചൂഷണങ്ങളു മുണ്ടാകും. അതിനെതിരെ ശക്തമായ നിലപാട് എടുക്കുകയാണ് വേണ്ടത്. ജൂനിയര്‍ നടിമാര്‍ക്ക് മോശം അനുഭവമുണ്ടായാല്‍ ഇടപെടാനും ആളുകള്‍ മടിക്കും. ഇടപെട്ടാല്‍ തന്റെ അവസരവും ഇനി പോകുമല്ലോ എന്ന ചിന്തയാണ് എല്ലാവര്‍ക്കും. അവനവന്റെ നിലനില്‍പ്പല്ലെ പ്രശ്‌നം. ഞാന്‍ ഒരു വിഷയത്തില്‍ ഇടപെട്ടാല്‍ പിന്നെ ഇനി അവരെ ഒന്നിനും വിളിക്കേണ്ട എന്നു തീരുമാനിക്കും.
പലരെയും വിലക്കുന്നുണ്ട്. അവരുടെ ആഗ്രഹം സാധിച്ചില്ലെങ്കില്‍ കാണിച്ചു തരാ മെന്നാണ് ഇക്കൂട്ടരുടെ നിലപാട്. സ്ത്രീകള്‍ക്ക് ഒരു പരിഗണനയും ഇല്ല. ഭക്ഷണത്തില്‍ പോലും വിവേചനങ്ങളുണ്ട്. സീരിയല്‍ മേഖലയിലും ഇത്തരം ചൂഷണങ്ങളുണ്ടെന്ന് പറയപ്പെടുന്നുണ്ട്. സ്ത്രീകള്‍ പരാതി നല്‍കുകയോ, ശക്തമായ നിലപാട് എടുക്കുകയോ ചെയ്തില്ലെങ്കില്‍ ഇത്തരം ചൂഷണങ്ങള്‍ തുടരും. എന്നാല്‍ സിനിമയില്‍ എല്ലാവരും മോശക്കാരല്ലെന്നും ശ്രീലത നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഏഴു വര്‍ഷമായിട്ടും എന്തുണ്ടായി എന്നും ശ്രീലത ചോദിച്ചു.