ഗോളടിച്ച് മെസിയും അൽവാരസും; കാനഡയെ മടക്കി അർജന്‍റീന കോപ്പ അമേരിക്ക ഫൈനലില്‍


മയാമി: കോപ്പ അമേരിക്ക ടൂർണമെന്‍റിൽ കാനഡയെ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലയണല്‍ മെസിയും സംഘവും ഫൈനൽ ഉറപ്പിച്ചത്. ജൂലിയന്‍ അല്‍വാരസ്, മെസി എന്നിവരാണ് നീലപ്പടയ്‌ക്കായി ഗോളടിച്ചത്. ലോകചാമ്പ്യന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് കാനഡ തോല്‍വി സമ്മതിച്ചത്.

മത്സരത്തിന്‍റെ ഇരു പകുതികളിലുമായാണ് അര്‍ജന്‍റീന ഗോളടിച്ചത്. കാനഡയുടെ പ്രതിരോധ നിരയുടെ ദുർബലത മുതലെത്തായിരുന്നു ലോകചാമ്പ്യന്മാര്‍ വിജയം പിടിച്ചത്. ജൂലിയൻ അൽവാരസായിരുന്നു അര്‍ജന്‍റീനയ്‌ക്കായി ആദ്യം വലകുലുക്കിയത്.

22 -ാം മിനുട്ടിൽ കാനഡയുടെ പ്രതിരോധ നിരയെ നിഷ്പ്രഭരാക്കി ഡീൻ പോളിന്‍റെ പാസിൽ നിന്നായിരുന്നു അൽവാരസ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ 51 -ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്‍റെ പാസിലാണ് അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലക്ഷ്യം കണ്ടത്. ടൂർണമെന്‍റിൽ മെസിയുടെ ആദ്യ ഗോളാണിത്. യഥാര്‍ഥത്തില്‍ എൻസോയുടെ അക്കൗണ്ടിലാകേണ്ടിയിരുന്ന ഗോളായിരുന്നു അത്.

മധ്യനിര താരം ബോക്‌സിന് അകത്ത് നിന്നും പായിച്ച പന്തിൽ മെസി കാൽ വയ്ക്കുകയായിരുന്നു. ഗോൾ ഓഫ്‌ സൈഡാണെന്ന് വാദിച്ച് കാനഡ താരങ്ങൾ പ്രതിഷേധിച്ചതോടെ വാർ ചെക്കിങ് നടത്തി. പരിശോധനയ്‌ക്കൊടുവിലാണ് അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിയുടെ വിധിയുണ്ടായത്.

മത്സരത്തില്‍ പന്തടക്കത്തില്‍ അര്‍ജന്‍റീന തന്നെയായിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ അവരുടെ ഗോള്‍ മുഖത്തേക്ക് രണ്ട് തവണ പന്തടിക്കാന്‍ കാനഡയ്‌ക്ക് കഴിഞ്ഞിരുന്നു. ഗോൾക്കീപ്പർ എമിലിയാനോ മാർട്ടിനെസാണ് ടീമിന്‍റെ രക്ഷകനായത്. ഇതു തുടർച്ചയായ രണ്ടാം തവണയാണ് അർജന്‍റീന കോപ്പ അമേരിക്ക ഫൈനലിൽ എത്തുന്നത്. 15 ന് നടക്കുന്ന ഫൈനലിൽ യുറഗ്വായ് – കൊളംബിയ മത്സരത്തിലെ ജേതാക്കളെയായിരിക്കും അർജന്‍റീന നേരിടുക.


Read Previous

‘പതിനാറ് വയതിനില്‍’ യൂറോയില്‍ റെക്കോഡിട്ട ‘വണ്ടര്‍ ഗോള്‍’; താരമായി ലാമിൻ യമാൽ

Read Next

ഇത്രയും കാലംവരെ ശാന്തതയോടെ കഴിഞ്ഞിരുന്ന 68000 ത്തോളം വരുന്ന ജനങ്ങള്‍ ഇന്ന് ഭയാശങ്കയിലാണ് ഇവിടെ കഴിയുന്നത്; പണ്ടാര ഭൂമി പ്രശ്‌നത്തില്‍ അശാന്തമായി ലക്ഷദ്വീപ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »