ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭവാഗ്ദാനം; 56 ലക്ഷം രൂപ തട്ടി, ഗുജറാത്ത് സ്വദേശി അറസ്റ്റിൽ


കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയില്‍. ദുബായ് സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനിയെയാണ് (49) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് അങ്കമാലി കറുകുറ്റി സ്വദേശിയില്‍ നിന്ന് 56.50 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

നിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷയര്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തിരുന്നത്. വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്താണ് ബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു. ഓരോ ലെവല്‍ കഴിയുമ്പോള്‍ നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നായിരുന്നു ഓഫര്‍. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നല്‍കി.പല അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ലാഭമെന്ന പേരില്‍ പണം നല്‍കുന്നത്. ഇങ്ങനെ നല്‍കുന്നത് ഇതു പോലെ തട്ടിപ്പിനിരയാകുന്നവര്‍ നിക്ഷേപിക്കുന്ന തുകയാണ്. ഇതോടെ തട്ടിപ്പു സംഘം നിക്ഷേപകന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുന്നു. തുടര്‍ന്ന് കൂടുതല്‍ തുക കറുകുറ്റി സ്വദേശിനിക്ഷേപിച്ചു.

നിക്ഷേപ തുകയും, കോടികളുടെ ‘ലാഭവും ‘ ആപ്പിലെ ഡിസ്‌പ്ലേയില്‍ കാണിച്ചു കൊണ്ടേയിരുന്നു. അത് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പുമനസിലായത്.തുടര്‍ന്ന് പരാതി നല്‍കി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. സമാന കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരെ മുംബൈയില്‍ നാല് കേസുകളുണ്ട്.


Read Previous

ശബരിമല തീർത്ഥാടകർക്കുള്ള സ്വാമി എഐ ചാറ്റ്‌ബോട്ട് ഹിറ്റ്; ഇതുവരെ ഉപയോഗിച്ചത് 1,25,0551 ഉപയോക്താക്കൾ

Read Next

ആദ്യ വിദേശ സന്ദർശനം; ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »