പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ എമ്പുരാന് ചരിത്രനേട്ടം; ടോട്ടൽ ബിസിനസിൽ 325 കോടിയുടെ തിളക്കം


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് 325 കോടിയുടെ ടോട്ടൽ ബിസിനസ് നേട്ടം. നടൻ മോഹൻലാലാണ് ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററുകളും പങ്കുവച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കൊണ്ട് 200 കോടി ക്ലബ്ബിൽ കയറിയ ചിത്രം കൂടിയാണ് എമ്പുരാൻ.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിവാദങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് 24 ഭാഗങ്ങൾ മാറ്റി. 2.08 മിനിട്ട് കട്ട് ചെയ്ത റീ എഡിറ്റഡ് പതിപ്പാണ് ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. സ്വരൂപ കർത്ത, കെ.റോഷ്നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷൻ, ടി.നദീം തുഫൈൽ എന്നിവരടങ്ങുന്ന സെൻസർ ബോർഡ് കമ്മിറ്റിയാണ് ചിത്രം കണ്ട് വീണ്ടും സർട്ടിഫൈ ചെയ്തത്.

സിനിമയിൽ ബജ്രംഗി എന്ന വില്ലന്റെ പേര് ബൽദേവ് എന്നാക്കി. എൻ.ഐ.എ എന്ന വാക്ക് നിശബ്ദമാക്കി. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകൾ, ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം എന്നിവയടക്കം മാറ്റിയിരുന്നു. മാർച്ച് 27ന് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിച്ചത്.

തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്തത്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്തപ്പോൾ, അനിൽ തഡാനി നേതൃത്വം നൽകുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിച്ചത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ളിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.


Read Previous

ഡ്രൈവർക്ക് വീടുവച്ചുകൊടുത്ത് നടൻ , ഇത് ശ്രീനിവാസന്റെ സ്‌നേഹം

Read Next

സംഘ്പരിവാർ ചരിത്രത്തെ മണ്ണിനടിയിൽ മൂടാന്‍ ശ്രമിക്കുന്നു: ചിന്ത റിയാദ് ടേബിൾ ടോക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »