എമ്പുരാൻ സിനിമ കോടികളുടെ കളക്ഷൻ നേടുമ്പോഴും വിവാദം കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ എമ്പുരാൻ സിനിമ സംബന്ധിച്ച് സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ പറഞ്ഞ കാര്യമാണ് ചർച്ചയാകുന്നത്. മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നാണ് എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർ കാണിച്ചു തന്നതെന്ന് അഖിൽ മാരാർ പറയുന്നു. ഒരു സിനിമ ഇറങ്ങിയാൽ ചർച്ച ചെയ്യേണ്ടത് മതമല്ല, സിനിമയാണെന്നും ഒരു യു ട്യൂബ് ചാനലിനോട് അഖിൽ മാരാർ പറഞ്ഞു

ഏതു രീതിയിലും സമൂഹത്തിലൊരു കുത്തിത്തിരിപ്പ് ഉണ്ടാക്കണമെന്ന് ഈ സിനിമയിൽ തന്നെ ഒരു കഥാപാത്രം കാണിച്ചു തരുന്നുണ്ട്. ജനത്തെ എങ്ങനെ ഒരു വിഡ്ഢിയാക്കി ഒരു നേതാവായ് മാറാം എന്നത് ഈ സിനിമയിലൂടെ തന്നെ കാണിക്കുന്നു. സിനിമയിൽ പറഞ്ഞ ഇതേ കാര്യമാണ് ഇവർ മാർക്കറ്റ് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്.
പണ്ട് മമ്മൂട്ടി മോഹൻലാൽ എന്നു പറഞ്ഞാണ് ക്യാംപസുകളിൽ അടി നടന്നുകൊണ്ടിരുന്നത്. ഇതു മാറി മുസ്ലീം ഹിന്ദു എന്നു പറഞ്ഞ് അടിയുണ്ടാകുകയും ഇത് പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അത് ഏറ്റെടുക്കാൻ ഇരു വിഭാഗത്തിലെ മത തീവ്രവാദികളും ഇവിടെയുണ്ട്. മനുഷ്യനിലുള്ള സ്വഭാവ ഗുണങ്ങളിൽ ഓരോരുത്തരും വ്യത്യസ്തരായിരിക്കും. ഇതുപോലൊരു പ്രശ്നം കേരളത്തിൽ ആളി കത്തും. അത് ചൂണ്ടിക്കാട്ടി ലാലേട്ടന് മെസേജ് അയച്ചിരുന്നു. അദ്ദേഹം അത് മനസിലാക്കുകയും തിരിച്ച് മറുപടി നൽകുകയും ചെയ്തു’. അഖിൽ മാരാർ പറഞ്ഞു.
മോഹൻലാൽ ഇടപെട്ടു, മുരളി ഗോപി ഒരക്ഷരം പോലും മിണ്ടിയില്ല. ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി. ഇതാണോ നിലപാടെന്നും അഖിൽ മാരാർ ചോദിച്ചു. നാടു മുഴുവനും കലാപം നടക്കുന്നു. മനുഷ്യൻ തമ്മിലടിക്കുന്നു. നിശബ്ദത ഒരാളുടെ നിലപാടാണോ’ തനിക്ക് അങ്ങനെ തോന്നുന്നില്ല. മാപ്പ് പറഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ കെട്ടടങ്ങുമെങ്കിൽ മാപ്പ് ഏറ്റവും മൂല്യമുള്ള ഒന്നാണെന്നും’ അഖിൽ മാരാർ വ്യക്തമാക്കി.