
റിയാദ്: റിയാദ് മെട്രോ ബ്ലൂ ലൈനിലെ കൂടുതല്‍ സ്റ്റേഷനുകള്‍ തുറന്നു. ആഭ്യന്തര മന്ത്രാലയത്തോട് ചേര്‍ന്നുള്ള സ്റ്റേഷന്റെയും അല്‍ മുറബ്ബ സ്റ്റേഷൻ്റെയും പ്രവര്‍ത്തനമാണ് തിങ്കളാഴ്ച ആരംഭിച്ചത്, ചൊവ്വാഴ്ച അസീസിയ സ്റ്റേഷനും തുറന്നു. മുറബ്ബ സ്റ്റേഷന്‍ ലുലു മുറബ്ബ ബ്രാഞ്ചിനോട് ചേര്‍ന്നാണ്.
സാബ് വടക്ക് ബാങ്ക് സ്റ്റേഷന്‍ മുതല്‍ തെക്ക് ദാറുല്‍ ബൈദ സ്റ്റേഷന്‍ വരെ റിയാദ് നഗരത്തിന് കുറുകെ പോകുന്ന ഏറ്റവും വലിയ ട്രാക്കുകളിലൊന്നായ ബ്ലൂ ലൈനില്‍ ആകെ 34 സ്റ്റേഷനുകളാണ് ഉള്ളത്. തുടക്കത്തില്‍ 11 സ്റ്റേഷന്‍ മാത്രമേ തുറന്നിരുന്നുള്ളൂ. എന്നാല്‍ ഞായറാഴ്ച സുലൈമാന്‍ ഹബീബ് സ്റ്റേഷനും തിങ്കളാഴ്ച മറ്റ് രണ്ട് സ്റ്റേഷനുകളും ചൊവ്വാഴ്ച ഒന്നും തുറന്നതോടെ ബ്ലൂ ട്രെയിന്‍ നിര്‍ത്തുന്ന ആകെ സ്റ്റേഷനുകളുടെ എണ്ണം 15 ആയി.
ബാക്കി സ്റ്റേഷനുകള്‍ വരും ദിവസങ്ങളില്‍ തുറക്കും. ഈ ലൈനിലാണ് റിയാദ് മെട്രോയിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ സ്റ്റേഷനുകളുള്ളത്. ബത്ഹ മ്യൂസിയം സ്റ്റേഷനും ദീര സ്റ്റേഷനും. ഇതും ബത്ഹ ഹൃദയത്തിലുള്ള അല്‍ ബത്ഹ സ്റ്റേഷനും തുറന്നിട്ടില്ല. റിയാദ് മെട്രോ പദ്ധതിയില്‍ നാല് പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പടെ ആകെ 85 സ്റ്റേഷനുകളാണുള്ളത്.