മക്ക: ദൈവത്തിന്റെ അതിഥികളായി എത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കുന്നതിനായി മക്കയില്‍ മാത്രം ടൂറിസം മന്ത്രാലയം ഔദ്യോഗിക ലൈസന്‍സ് നല്‍കിയിരിക്കുന്നത് 2,27,000 മുറികള്‍. തീര്‍ഥാടകര്‍ക്ക് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഇത്രയും മുറികള്‍ മക്കയില്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വിശുദ്ധ നഗരത്തില്‍ ലൈസന്‍സുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ എണ്ണം 816 ആയി ഉയര്‍ന്നു. ഇവയിലാണ് താമസക്കാര്‍ ക്കായി 2,27,000 മുറികള്‍ ഒരുക്കിയിരിക്കുന്നത്. ലൈസന്‍സുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ 801 ഹോട്ടലുകള്‍, 12 സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്റുകള്‍, 3 ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ഹജ്ജിന് മുന്നോടിയായി മക്ക, മദീന നഗരങ്ങളിലെ ഹോട്ടലുകളില്‍ ടൂറിസ്റ്റ് മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി. ഹോട്ടലുകളില്‍ ആവശ്യമായ സൗകര്യങ്ങ ളുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്. ഇക്കാര്യത്തില്‍ വീഴ്ചകള്‍ വരുത്തിയ 4700 സ്ഥാപനങ്ങള്‍ക്ക് ഇതിനകം പിഴ ചുമത്തിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസം മന്ത്രി ബിന്‍ അഖീല്‍ അല്‍ ഖത്തീബിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളും, സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്.
സ്ഥാപങ്ങളുടെ ഗുണ നിലവാരം, ശുചിത്വം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടത്താതെയും, മതിയായ അനുമതികള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നും കുറവുകള്‍ എത്രയും വേഗം പരിഹരിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.