
ഒട്ടാവ: കാനഡയിൽ ജനക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റിയതിനെത്തുടർന്ന് നിരവധിപേർ കൊല്ലപ്പെട്ടു. പതിനാറുപേർ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വാൻകൂവർ നഗരത്തിലെ ഒരു സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. തീവ്രവാദി ആക്രമണമാണാേ സംഭവമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡ്രൈവർ ഏഷ്യക്കാരനാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.
ജനക്കൂട്ടത്തിലേക്ക് ഒരു കറുത്ത എസ്‌യുവി അതിവേഗം ഇടിച്ചുകയറുന്നതിന്റെയും ഭയന്ന ജനങ്ങൾ നിലവിളിച്ച് ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങളുടെ ദൃശങ്ങളും പുറത്തുവന്നിടുണ്ട്. ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപേരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്.
സ്ട്രീറ്റ് ഫെസ്റ്റിവൽ കാണാൻ നൂറുകണക്കിനുപേർ റോഡുവക്കിൽ ഉണ്ടായിരുന്നുവെന്നും എന്നാണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നതിനുമുമ്പ് കാർ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് അപകടം കണ്ട ഒരാൾ പറയുന്നത്. കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. 2022ൽ കാനഡയിലെ വിന്നിപെഗിൽ ഫ്രീഡം കോൺവോയ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി നിരവധിപേർക്ക് പരിക്കേറ്റിരുന്നു