
റിയാദ്: ലോക നഴ്സസ് ദിനം സമുചിതമായി ആഘോഷിച്ച് റിയാദ് മുറബ്ബയിലെ ലുലു മാൾ. സൗദി തലസ്ഥാന നഗരത്തിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരെയും നഴ്സുമാരെയും പങ്കെടുപ്പിച്ച് വർണശബളമായി ഒരുക്കിയ ആഘോഷം ആതുരശുശ്രൂഷകരായ മാലാഖമാരുടെ സേവനങ്ങളുടെ മഹത്വത്തെ ഉയർത്തിക്കാണിക്കുന്നതായി.
റിയാദ് കെയർ ആശുപത്രി, ജരീർ മെഡിക്കൽ സെൻറർ, അൽ റയാൻ ക്ലിനിക്, അൽ മസീഫ് ക്ലിനിക്, ഹെൽത്ത് ഒയാസിസ് ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം നഴ്സുമാരാണ് പങ്കെടുത്തത്. നോനാലിൻ (റിയാദ് കെയർ ആശുപത്രി), സജീന സിജിൻ (ജരീർ മെഡിക്കൽ സെൻറർ), ഡോ. സന്തോ ഷും നഴ്സുമാരും (അൽ റയാൻ ക്ലിനിക്), ഡോളി സാബു (അൽ മസീഫ് ക്ലിനിക്), അനു ഈശോ (ഹെൽത്ത് ഒയാസിസ് ആശുപത്രി) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

നഴ്സുമാർക്ക് ലുലു മാൾ അധികൃതർ സമ്മാനങ്ങൾ നൽകി. ലുലു പ്രൊപ്പർട്ടീസ് മാനേജർ നബീൽ അൽ താഇഫി, മാൾ മാനേജർ ലാലു വർക്കി, മാൾ സൂപർവൈസർ ഒമർ ഷേരാഹീലി, ലീസിങ് എക്സിക്യുട്ടീവ് അബ്ദുൽ റഹ്മാൻ സുൽത്താൻ അൽ ഷറഫ് എന്നിവർ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്തവർ നഴ്സുമാരുടെ സേവനത്തെ കുറിച്ച് വാചാലമായി സംസാരിച്ചു.