
കൊച്ചി: മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത എപി വിഭാഗം നേതാവ് ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി. സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ല. കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങളെയും പ്രതി നിധീകരിക്കുന്നത് മുസ്ലീം ലീഗാണെന്നുള്ളത് ഒരു ധാരണ മാത്രമാണ്. മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്, അതിന്റെ അണികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ബിജെപിയിലും വരെ മുസ്ലീങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എകസ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി.
രാജ്യത്ത് മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ മുസ്ലീം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കണ മെന്ന ജമാഅത്തെ ഇസ്ലാമി വാദത്തെയും അദ്ദേഹം തള്ളി. ഒന്നിച്ച് നില്‍ക്കണമെന്ന് പറയുന്നത് പേടി യുള്ള ആളുകളാണ്. എല്ലാവരും ഒപ്പമുള്ളപ്പോള്‍ നടുക്ക് കയറി നില്‍ക്കാം, കാരണം അവര്‍ കുറച്ചല്ലേ യുള്ളു. മുസ്ലീം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പറയുമ്പോഴും സുന്നി സംഘനകള്‍ എല്ലാം ഒന്നിക്കരുതെന്ന് പറയുന്നത് രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
‘ജമാഅത്തെ ഇസ്ലാമി എന്ന് പറഞ്ഞാല്‍ അത്ര വലിയ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഒന്നല്ല. കേരളത്തിലെ മുസ്ലീങ്ങളില്‍ ഒരു ശതമാനം പോലും വരാത്ത സംഘടനയാണിത്. ഇതിന് നാള്‍ക്ക് നാള്‍ നാല്‍പ്പത് നാള്‍ പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ മുസ്ലീങ്ങളുടെ ശബ്ദമായി ജമാഅത്തെ ഇസ്ലാമി മാറുന്നുണ്ടെങ്കില്‍ ഇത്തരം ചിന്തകളില്‍ മാറ്റം വരണം. അവരുടെ സംഘടനയിലും ആളുകളിലും സ്വാധീനം ഉണ്ടെങ്കിലും മുസ്ലീം സമുദായത്തില്‍ ഈ സംഘടനയ്ക്ക് സ്വാധീമുണ്ടെന്ന് കരുതുന്നില്ല. മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന ഇക്കാലത്ത് മുസ്ലീം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കണമെന്ന വാദം ശരിയല്ല. ജമാഅത്തെ ഇസ്ലാമി ഇസ്ലാമി പോലുള്ള സംഘനകള്‍ വരുന്നതിന് മുമ്പും മുസ്ലീങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു.
അന്ന് ഇവിടെ പ്രശ്‌നങ്ങളില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നു ചേര്‍ന്നാണ് പോര്‍ച്ചുഗീസുകാരെ ഇവിടുന്ന് ഓടിക്കുന്നത് സുന്നി പാമ്പര്യത്തില്‍ നിന്നുകൊണ്ട് എല്ലാ മതങ്ങളുമായി ഒത്തു ചേര്‍ന്ന് ജീവിച്ചപ്പോള്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല’ ഒരോരുത്തരും അവരവരുടെ ദിശയില്‍ തന്നെ നില്‍ക്കുകയും പ്രവര്‍ത്തിക്കു കയും ചെയ്യുമ്പോള്‍ കുഴപ്പങ്ങളുണ്ടാകുന്നില്ല. സിഎഎ വിഷയിത്തിലും വഖഫ് വിഷയത്തിലും സമരം സംഘടിപ്പിച്ച് ആളെ കൂട്ടാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്.’
‘വിവിധ ആശയങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകുന്നത്. ആ ആശയങ്ങള്‍ക്കൊപ്പമാണ് ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ടത്. സമസ്തയ്ക്ക് പ്രത്യേക പാര്‍ട്ടികളുമായി സ്ഥിരമായ ബന്ധമില്ല, താത്കാലികമായി വോട്ട് ചെയ്യുന്ന സമയത്തുള്ള തീരുമാനങ്ങള്‍ മാത്രമാണുള്ളത്. ഭരണകൂടങ്ങളോട് ചേര്‍ന്ന് രാജ്യത്തിന്റെ വികസനത്തിനൊപ്പം ഒത്തുചേര്‍ന്ന് പോകുകയെന്നതാണ് തങ്ങളുടെ നയം. സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പൊതുബോധത്തിന് വേണ്ടിയാണ് സുന്നി യുവജന സംഘം ഉണ്ടായത്, ഇത് വികസിച്ചാണ് കേരള മുസ്ലീം ജമായത്ത് സ്ഥാപിച്ചത്. ഇത് ഒരു സാമൂഹിക സംഘടനയാണ്, ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടി യല്ല, മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ രാഷ്ട്രീയമായി സംഘടിക്കേണ്ട ആവശ്യമില്ലെന്നും’ മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.