തിരുവനന്തപുരം: പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതു മായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെ, സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ വാക്‌പോര്. പ്രസംഗത്തിനിടെ സ്പീക്കര്‍ ഇടപെട്ടതോടെയാണ് വിഡി സതീശന്‍ ക്ഷുഭിതനായത്. സഭയില്‍ സംസാരിക്കാനുള്ളത് തന്റെ അവകാശമാണെന്നും, ആരുടെയും ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
![](https://malayalamithram.in/wp-content/uploads/2025/02/sabha.png)
മുന്‍മന്ത്രി എ പി അനില്‍കുമാറാണ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കി യത്. ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എസ് സി-എസ്ടി വിഭാഗങ്ങളുടെ 512 കോടിയുടെ പദ്ധതികള്‍ ഈ ജനുവരിയില്‍ 390 കോടി യായി വെട്ടിച്ചുരുക്കിയെന്ന് കുറ്റപ്പെടുത്തി.
പട്ടിക വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇങ്ങനെ ഒരു വകുപ്പ് വേണോയെന്ന് ചിന്തിക്കേണ്ട നിലയിലേക്ക് കാര്യങ്ങളെത്തി. സഹായം ലഭിക്കാത്തതിനാല്‍ എസ് സി എസ് ടി കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു വെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ സമയം കൂടുതലായെന്ന് പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു. ഇതേത്തുടര്‍ന്നാണ് വിഡി സതീശനും സ്പീക്കറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
സഭയില്‍ പ്രസംഗിക്കാനുള്ളത് തന്റെ അവകാശമാണ്. ഒരു കാരണവശാലും ഇത് അനുവദിക്കില്ല. സഭ നടത്തിക്കൊണ്ടുപോകണോയെന്ന് അങ്ങ് തീരുമാനിക്കണം. തന്നെ തടസ്സപ്പെടുത്തിക്കൊണ്ട് സഭ നടത്തിക്കൊണ്ടുപോകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താന്‍ തടസ്സപ്പെടുത്തിയിട്ടില്ലെന്നും, പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഒമ്പതാം മിനിറ്റില്‍ മാത്രമാണ് ഇടപെട്ടതെന്നും സ്പീക്കര്‍ അറിയിച്ചു.
തനിക്ക് സംസാരിക്കാനുള്ളത് അവകാശമാണെന്നും, ആരുടെയും ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘ഔദാര്യത്തിന്റെ പ്രശ്‌നമല്ലെന്നും, വിത്തൗട്ട് എനി ഇന്‍ര്‍വെന്‍ഷന്‍, യു സ്‌പോക്ക് നയന്‍ മിനിറ്റ്‌സ്’ എന്ന് സ്പീക്കര്‍ തിരിച്ചടിച്ചു. ‘ഇറ്റ് ഈസ് മൈ റൈറ്റ് ടു സ്‌പോക്ക് ഹിയര്‍, ഐയാം ഓണ്‍ മൈ ലെഗ്‌സ്, യു കനോട്ട് ഇന്റര്‍വീന്‍’ എന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.
പട്ടികജാതി- പട്ടിക വര്‍ഗ ഫണ്ട് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ദലിത് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുക യാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.