നാസർ പൊന്നാനിക്ക് കേളിയുടെ ആദരം


റിയാദ് : കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ, കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി അൽഖർജ് മേഖലയിലും റിയാദിൻ്റെ വിവിധ പരിസരങ്ങളിലും ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങായി നിസ്വാർത്ഥ സേവനം നടത്തുന്ന നാസറിന്, കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിൻ്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്.

മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ 1993- ലാണ് സെയിൽസ്മാനായി സൗദിയിൽ എത്തിയത്. 2004 ൽ കേളി അംഗംമായതിന് ശേഷം , സംഘടന ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കാൻ ചുമതല പെടുത്തുകയായിരുന്നു. അൽഖർജ് മേഖലയിലെ എല്ലാ സൗദി സർക്കാർ സ്ഥാപങ്ങളുമായും, നല്ല ബന്ധം പുലർത്തുന്ന നാസർ ഇന്ത്യൻ എംബസ്സിയുടെ കമ്മ്യൂണിറ്റി വളണ്ടിയർമാരിൽ ഒരാളാണ്. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ എത്ര സങ്കീർണ്ണമായാലും വിജയം കണ്ടുമാത്രമേ നാസർ മടങ്ങുകയുള്ളൂ.

കൊലക്കുറ്റം ചുമത്തി ജയിലിലടച്ച നിരപരാധികളായ ഇന്ത്യക്കാരും ബംഗ്ളാദേശ് പൗരന്മാരും അടങ്ങുന്ന അഞ്ച് പ്രവാസികളെ മോചിപ്പിച്ചതടക്കം, അപകടത്തിൽ അരക്ക് താഴെ തളർന്ന് പ്രാഥമീക കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ കിടപ്പിലായ മലയാളിയെ അന്നമൂട്ടിയും, കഴുകി വൃത്തിയാക്കിയും നാല് മാസത്തോളം പരിചരിച്ച് നാട്ടിലെത്തിച്ചതുൾപ്പെടെ നൂറു കണക്കിന് പ്രവർത്തനങ്ങളാണ് നാസർ പൊന്നാനി ഏറ്റെടുത്തിരുന്നത്.

ഏരിയാ പ്രസിഡണ്ട് ഷെബി അബ്ദുൾ സലാം അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി ലിപിൻ പശുപതി സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, സീബാ കൂവോട്, ഫിറോഷ് തയ്യിൽ, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയിൻ്റ് സെക്രട്ടറിമാരായ സുനിൽ കുമാർ, മധു ബാലുശ്ശേരി, വൈസ് പ്രസിഡണ്ട്മാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കെഎംസിസി അൽഖർജ് സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ഒഐസിസി പ്രതിനിധി പോൾ പൊറ്റക്കൽ, കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, പരിപാടിയുടെ ചെയർമാൻ ഗോപാൽ ചെങ്ങന്നൂർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഷബി അബ്ദുൽ സലാം നാസർ പൊന്നാനിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഹ്രസ്വ വിവരണം നൽകി. ഏരിയാ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ നാസറിനുള്ള ഉപഹാരം കൈമാറി. സംഘടന ഏൽപ്പിക്കുന്ന ചുമതലകൾ തന്നെകൊണ്ടാവും വിധം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് നാസർ ഉപഹാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു


Read Previous

നാട് വിട്ടിട്ട് 17 വർഷം, തളർന്ന ശരീരവുമായി അനിവാര്യമായ മടക്കം

Read Next

വിസ്മയം തീർത്ത് കേളി കുടുംബവേദി ചിത്രരചനാ മത്സരവും വിന്റർ ഫെസ്റ്റും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »