സൗദി സ്കൂളുകളിൽ പ്രവാസികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ദേശീയ വസ്ത്രം നിർബന്ധമാക്കി


റിയാദ്: സൗദി അറേബ്യയിലെ പൊതു – സ്വകാര്യ മേഖലയിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡറി സ്‌കൂളുകളിലെ എല്ലാ ആണ്‍കുട്ടികളുമാണ് പുതിയ തീരുമാനത്തിന്റെ ഭാഗമായി ദേശീയ വസ്ത്രം ധരിക്കേണ്ടത്. വിദ്യാര്‍ഥി കള്‍ക്കിടയില്‍ ദേശീയ സ്വത്വവും വിദ്യാഭ്യാസ മൂല്യങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭ ത്തിന്റെ ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

പുതിയ നയം പ്രകാരം സൗദി വിദ്യാര്‍ഥികള്‍ പരമ്പരാഗത നീളക്കുപ്പായമായ തോബ് ധരിക്കണം. അതിനോടൊപ്പം ശിരോവസ്ത്രമായ ഗുത്രയോ ഷിമാഗോ ധരിക്കുകയും വേണം. പരമ്പരാഗത അറബ് വസ്ത്രധാരണ രീതിയാണിത്. എന്നാല്‍ പ്രവാസികളുടെ മക്കള്‍ ഉള്‍പ്പെടെ സൗദി ഇതര വിദ്യാര്‍ഥികള്‍ തോബ് മാത്രം ധരിച്ചാല്‍ മതിയാവും. അവര്‍ ശിരോവസ്ത്രം ധരിക്കല്‍ നിര്‍ബന്ധമില്ല.

അതേസമയം, വിദേശ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദേശീയ വസ്ത്രം ധരിക്കണമെന്ന പുതിയ വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ദേശീയ ബോധം ശക്തിപ്പെടുത്തുന്നതിനും വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനു മുള്ള വിശാലമായ ദേശീയ ശ്രമങ്ങളുടെ ചുവടുപിടിച്ചാണ് ദേശീയ വസ്ത്രം യൂനിഫോമായി സ്വീകരിച്ച ഈ തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

യുവതലമുറയില്‍ സാംസ്‌കാരികവും ചരിത്രപരവുമായ അവബോധം ശക്തിപ്പെടുത്തുന്നതിനായി സൗദി ഐഡന്റിറ്റിയുടെ വ്യാപനം സാധ്യമാക്കുകയെന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന വിഷം 2030ന്റെ ഭാഗമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.


Read Previous

ടി. സിദ്ദിഖ്‌ എം എൽ എ MEC7 റിയാദ് വ്യായാമങ്ങളിൽ പങ്കെടുത്തു.

Read Next

കിഫ്ബി റോഡുകളിൽ ടോൾ പിരിച്ചാൽ തടയും; ശക്തമായ പ്രക്ഷോഭമെന്ന് കോൺഗ്രസ്; മുന്നണിയിൽ ചർച്ച ചെയ്‌തെന്ന് എൽഡിഎഫ്, അന്തിമ തീരുമാനം ആയിട്ടില്ല: എം വി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »