
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ദേശീയപാത 66 തകര്‍ന്ന സംഭവം കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാ ക്കാന്‍ കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവാണ് ദേശീയ പാതയുടെ തകര്‍ച്ചയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിര്‍മിക്കുന്നതിലെ കേന്ദ്ര സര്‍ക്കാര്‍ വന്‍ അഴിമതിക്ക് വഴി തുറന്നു. ക്രമക്കേടിന്റെ വ്യാപ്തി ഊഹിക്കാമോയെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരെ നേരിട്ട് കടന്നാക്രമിച്ചാണ് കോണ്‍ഗ്രസ് ദേശീയ പാത തകര്‍ച്ച ചര്‍ച്ചയാക്കുന്നത്.
കോഴിക്കോട് അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭാഗം റോഡ് നിര്‍മിക്കാനുള്ള കരാര്‍ അദാനി എന്റര്‍പ്രൈസസിനാണ്. 1838.1 കോടി രൂപയുടേതാണ് കരാര്‍. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാര്‍ പ്രകാരം നിര്‍മാണച്ചെലവ്. ഈ കരാര്‍ 971 കോടി രൂപയ്ക്ക് അഹമ്മദാ ബാദിലെ വാഗഡ് ഇന്‍ഫ്രാപ്രോജക്റ്റ്‌സിന് മറിച്ചുനല്‍കി. ഒരു കിലോമീറ്റര്‍ റോഡ് വാഗഡ് ഇന്‍ഫ്രാപ്രോ ജക്റ്റ് നിര്‍മിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും റോഡ് തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയ കരിമ്പട്ടി കയില്‍പ്പെട്ട കമ്പനികള്‍ പലതും കരാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു. ഈ കമ്പനിക ളുടെ സുതാര്യത പരിശോധിക്കണം, ദേശീയപാത ഡിപിആറിയില്‍ മാറ്റം വരുത്തിയെന്ന കേന്ദ്ര മന്ത്രി യുടെ ആരോപണം അസംബന്ധമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതിനിടെ, മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിലെ മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.