നവയുഗം സഫിയ അജിത്ത് അവാർഡ് കെ രാജന് സമ്മാനിച്ചു


ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2021 ലെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ കെ രാജന് സമ്മാനിച്ചു.

ദമ്മാം ഉമ്മുൽ സാഹിക്ൽ നവയുഗസന്ധ്യയോടനുബന്ധിച്ചു വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് സി.പി.ഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും, കേരളസംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനുമായ ശ്രീ: പി. പി സുനീർ, സഫിയ അജിത്ത് അവാർഡ് കെ രാജന് സമ്മാനിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ഖജാൻജി കെ സാജൻ ക്യാഷ്പ്രൈസ് സമ്മാനിച്ചു. അൻപതിനായിരം രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

സൗദിയിലെ പ്രവാസികൾ ഏറെ സ്നേഹത്തോടെ ഓർമ്മിയ്ക്കുന്ന ജീവകാരുണ്യ പ്രവർത്തകയായ സഫിയ അജിത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, ഇത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം വർദ്ധിപ്പിയ്ക്കുന്നു എന്നും കെ രാജൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, എം എ വാഹിദ് കാര്യറ, മഞ്ജു മണിക്കുട്ടൻ, ബിജു വർക്കി, നാസ് വക്കം (സാമൂഹ്യപ്രവർത്തകൻ),സിദ്ധിക്ക് പാണ്ടികശാല (കെ എം സി സി), ഇ.കെ.സലിം (ഓ.ഐ.സി.സി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പരേതയായ നവയുഗം കേന്ദ്ര വൈസ് പ്രസിഡന്റും, പ്രശസ്ത പ്രവാസി ജീവകാരുണ്യ പ്രവർത്തകയുമായ ശ്രീമതി സഫിയ അജിത്തിന്റെ സ്മരണയ്ക്കായിയാണ് നവയുഗം കേന്ദ്രകമ്മിറ്റി അവാർഡ് ഏർപ്പെടുത്തിയത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും, കേരളരാഷ്ട്രീയത്തിലും, സാമൂഹ്യ,സാംസ്ക്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കെ.രാജനെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.


Read Previous

റിയാദിലെ വഴിക്കടവ് കുടുംബങ്ങൾ ഒത്തുകൂടി.

Read Next

കിഴക്കൻ പ്രവിശ്യയിൽ ഉത്സവം തീർത്ത് “നവയുഗസന്ധ്യ 2K22” അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »