നീലട്രോളി’ നിലപാട് പാര്‍ട്ടി വിരുദ്ധം; എന്‍എന്‍ കൃഷ്ണദാസിന് പരസ്യശാസന


തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന നീലട്രോളി വിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസിനെതിരെ നടപടി. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവനയെന്ന് എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. പ്രശ്നങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് വ്യത്യസ്തമായാണ് എന്‍എന്‍ കൃഷ്ണദാസില്‍നിന്ന് ഉണ്ടായ പ്രതിക രണം. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം യോജിപ്പോടെ മുന്നോട്ടുകൊണ്ടുപോവേണ്ടതാണ്. അത്തരം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു’, എംവി ഗോവിന്ദന്‍ പറഞ്ഞു.

ഡിസിസി ട്രഷറന്‍ എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറാവണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞിട്ടും വോട്ട് വര്‍ധിച്ചു. സര്‍ക്കാരിനും പാര്‍ട്ടിക്കു മെതിരായ പ്രചാരവേലകള്‍ ജനങ്ങള്‍ ഏറ്റെടുത്തില്ല എന്ന് വ്യക്തമാക്കുന്നതാണ് പാലക്കാട്ടേയും ചേലക്കരയിലേയും ഫലമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണം പിന്നാലെ എല്‍ഡിഎഫ് ഉയര്‍ത്തി. യുഡിഎഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീലട്രോളിയില്‍ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. ആരോപണം ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു എന്‍.എന്‍. കൃഷ്ണദാസ് ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. പാലക്കാട് പെട്ടിയല്ല വികസനമാണ് ചര്‍ച്ചയാക്കേണ്ടത് എന്നായിരുന്നു എന്‍എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം.


Read Previous

ലൈംഗിക ചുവയോടെ സംസാരിച്ചു; നിരന്തരം അപമാനിച്ചു; ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി ഹണി റോസ്

Read Next

ഒരു ജനകീയ പ്രക്ഷോഭത്തിലും അന്‍വറിനെ കണ്ടിട്ടില്ല; യുഡിഎഫിലേക്ക് വരാനുള്ള ആഗ്രഹം സ്വാഭാവികം; എതിര്‍ത്ത് ഷൗക്കത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »