
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ നടത്തിപ്പില്‍ പിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കലക്ടര്‍മാരുടെയും പൊലീസ് സൂപ്രണ്ടുമാരുമായും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
മെയ് 4 ന് രാജ്യത്തെ 550ലധികം നഗരങ്ങളിലും 5,000ത്തിലധികം കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ പേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തവണ പരീക്ഷയുടെ സമഗ്രത പരിശോധിക്കുന്നതിനായി മന്ത്രാലയം കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
‘നീറ്റ്യുജിയുടെ സുഗമവും നീതിയുക്തവും സുരക്ഷിതവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കലക്ടര്‍മാരെയും എസ്പിമാരെയും പങ്കെടുപ്പിച്ച് നിരവധി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ലോജിസ്റ്റിക്സ്, സുരക്ഷ, അടിയന്തര സാഹചര്യ ത്തില്‍ സഹായം, എന്നിവ കൈകാര്യം ചെയ്യുന്നതിനായി ജില്ലാതല ഏകോപന സമിതികള്‍ പൂര്‍ണ്ണമായും സജീവമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പരീക്ഷ കേന്ദ്രങ്ങളില്‍ എന്‍ടിഎ സുരക്ഷയ്ക്ക് പുറമേ പൊലീസിന്റെ പരിശോധനയും ഉണ്ടാകും. ചോദ്യപേപ്പറുകള്‍, ഒഎംആര്‍ ഷീറ്റുകള്‍ തുടങ്ങിയ രഹസ്യ സാമഗ്രികള്‍ എത്തിക്കുന്നത് പൂര്‍ണമായും പൊലീസ് അകമ്പടിയോടെയായിരിക്കും. തട്ടിപ്പ് സംഘങ്ങളെ തടയുന്നതിന് കോച്ചിങ് സെന്ററുകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കുമൈന്നും റിപ്പോര്‍ട്ട് പറയുന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരിശോധനയ്ക്കായി കലക്ടര്‍മാരെ വിന്യസിച്ചിട്ടുണ്ട്, അതേസമയം തയ്യാറെടുപ്പ് വിലയിരുത്താന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ജില്ലാ കലക്ടര്‍മാരും പൊലീസ് സൂപ്രണ്ടുമാരും എത്തും.