
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയം രൂപീകരിക്കുന്നതു മായി ബന്ധപ്പെട്ട് സ്റ്റേക്ക് ഹോൾഡേഴ്‌സുമായി കൂടിക്കാഴ്‌ച നടത്തി എക്സൈസ് മന്ത്രി എംബി രാജേഷ്. ഡിസ്റ്റിലറി, ബാർ ഹോട്ടൽ സംഘടന ഭാരവാഹികള്‍ എന്നിവരുമായി നിയമസഭയിലെ 610 ആം മുറിയില്‍ വച്ചായിരുന്ന കൂടിക്കാഴ്‌ച. ഡ്രൈ ഡേ ഒഴി വാക്കണം, ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണം തുടങ്ങിയ ആവശ്യ ങ്ങളാണ് സ്റ്റേക്ക് ഹോള്‍ഡോഴ്‌സ് മുന്നോട്ടുവച്ചത്.
സംഘടന ഭാരവാഹികളുടെ നിർദേശങ്ങൾ മന്ത്രി പരിഗണിക്കുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മദ്യ നയവുമായി ബന്ധപ്പെട്ടുള്ള ബാറുടമകളുടെ സംഘടന നേതാവിന്‍റെ ശബ്‌ദ സന്ദേശം പുറത്ത് വന്നതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കവേയാണ് മന്ത്രിയുടെ കൂടിക്കാഴ്‌ച. ഇതുസംബന്ധിച്ച് ഇന്നലെയാണ് (ജൂണ്‍ 12) പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചത്.
അതേസമയം പ്രതിപക്ഷത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്റ്റേക്ക് ഹോൾഡർമാരുമായി മന്ത്രി തന്നെ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയത്.
ഡ്രൈ ഡേ ഒഴിവാക്കാൻ എക്‌സൈസ് മന്ത്രിയോട് ആവശ്യപ്പെട്ട് ബാർ മുതലാളിമാരുടെ സംഘടന. ഇന്ന് നിയമസഭയിൽ എക്‌സൈസ് മന്ത്രി എംബി രാജേഷുമായി ഡിസ്റ്റിലറി, ബാർ മുതലാളിമാരുടെ സംഘടന നടത്തിയ കൂടിക്കാഴ്‌ചയിലാണ് ആവശ്യം അറിയി ച്ചത്. ഡ്രൈ ഡേ ഒഴിവാക്കണമെന്നും കൂടുതൽ ഹോട്ടലുകൾ വരുന്നത് നിയന്ത്രിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായി ബാർ മുതലാളിമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽകുമാർ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിച്ചു.
ഡ്രൈ ഡേ ആവശ്യമില്ലാത്ത കാര്യമാണെന്നും ഡ്രൈ ഡേ പിൻവലിച്ചാൽ ഹോട്ടൽ വ്യവസായത്തിന് വലിയ ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് രാവിലെ 10 മുതൽ രാത്രി 12 മണി വരെയാക്കണം. ലൈസൻസ് ഫീസ് കുറക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ തവണയും പ്രതീക്ഷയോടെയാണ് സർക്കാരിനെ സമീപിക്കുന്നതെന്നും ആവശ്യങ്ങൾ പരിശോധിച്ച് പരിഗണിക്കാമെന്ന് മന്ത്രി മറുപടി നൽകിയെന്നും സുനിൽ കുമാർ വ്യക്തമാക്കി.