ഐസ്‌ആർഒയെ നയിക്കാൻ പുതിയ ‘റോക്കറ്റ് മാൻ’, ഡോ. വി നാരായണൻ ചുമതലയേറ്റു


ബെംഗളൂരു: ഡോ. വി നാരായണന്‍ ഐഎസ്‌ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ചുമതലേയേറ്റതായി ബഹിരാകാശ ഏജൻസി അറിയിച്ചു. എസ്. സോമനാഥിന് പിന്മുറക്കാരനായാണ് നാരായണൻ ഈ പദവിയില്‍ എത്തുന്നത്. ഡോ. വി നാരായണൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറി, സ്പേസ് കമ്മിഷൻ ചെയർമാൻ, ISRO ചെയർമാൻ എന്നിവയുടെ ചുമതല 2025 ജനുവരി 13 ന് ഉച്ചകഴിഞ്ഞ് ഏറ്റെടുത്തുവെന്ന് ബഹിരാകാശ ഏജൻസി പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.

കന്യാകുമാരി സ്വദേശിയായ നാരായണന്‍ എല്‍പിഎസ് സി മേധാവിയായി സേവനമനുഷ്‌ഠിച്ചിരുന്നു. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂണിറ്റുമുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ പ്രധാന കേന്ദ്രമായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററിന്‍റെ ഡയറക്‌ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1984ലാണ് നാരായണന്‍ ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്നത്. റോക്കറ്റ് ആന്‍ഡ് സ്‌പേസ് ക്രാഫ്‌റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്‌ധനാണ് നാരായണന്‍. ഐഎസ്ആർഒയിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം ടിഐ ഡയമണ്ട് ചെയിൻ ലിമിറ്റഡ്, മദ്രാസ് റബ്ബർ ഫാക്‌ടറി, ട്രിച്ചിയിലും റാണിപ്പേട്ടിലുമുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ) എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു.

ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്ന തുടക്കകാലത്ത് വിഎസ്‌എസ്‌സിയിലെ (വിക്രം സാരാഭായ്‌ ബഹിരാകാശ കേന്ദ്രം) സൗണ്ടിങ് റോക്കറ്റുകളുടെയും ഓഗ്മെന്‍റ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, പിഎസ്‌എല്‍വിയുടെ (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) സോളിഡ് പ്രൊപ്പല്‍ഷന്‍ ഏരിയയിലും പ്രവര്‍ത്തിച്ചു.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളിൽ നാരായണൻ നിർണായക പങ്കുവഹിച്ചു. ചന്ദ്രയാൻ-2, 3 എന്നിവയ്ക്കായി, L110 ലിക്വിഡ് സ്റ്റേജ്, C25 ക്രയോജനിക് സ്റ്റേജ്, ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്താനും സോഫ്റ്റ് ലാൻഡിങ് നടത്താനും ബഹിരാകാശ പേടകത്തെ പ്രാപ്‌തമാക്കുന്ന പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിന് അദ്ദേഹം നേതൃത്വം നൽകി. വരാനിരിക്കുന്ന ദൗത്യങ്ങളായ വീനസ് ഓർബിറ്റർ, ചന്ദ്രയാൻ-4, ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (ബിഎഎസ്) എന്നിവയ്ക്കുള്ള പ്രൊപ്പൽഷൻ സംവിധാനങ്ങളും അദ്ദേഹം നയിച്ചിട്ടുണ്ട്.

നിരവധി അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. റോക്കറ്റിനും അനുബന്ധ സാങ്കേതികവിദ്യകള്‍ക്കു മുള്ള എഎസ്‌ഐ അവാര്‍ഡ്, ഹൈ എനര്‍ജി മെറ്റീരിയല്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ടീം അവാര്‍ഡ്, ടീം എക്‌സലന്‍സ് അവാര്‍ഡ്, ചെന്നൈ സത്യബാമ സര്‍വകലാശാല നിന്നുള്ള ഡോക്‌ടറേറ്റ് ഓഫ് സയന്‍സ് ഓണററി ബിരുദവും ഖരഗ്‌പൂര്‍ ഐഐടിയുടെ വിശിഷ്‌ട പൂര്‍വ്വ വിദ്യാര്‍ഥി അവാര്‍ഡ് 2018, എയറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (AeSI) നാഷണല്‍ എയറോട്ടിക്കല്‍ പ്രൈസ് -2019 ഡോ. നാരായണനെ തേടിയെത്തിയിട്ടുണ്ട്.

ഖരഗ്‌പൂര്‍ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് ഡോ.വി നാരായണന്‍. എംടെക്കും ക്രയോജനിക് എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്കും 2001ല്‍ എയ്‌റോസ്പോസ് എഞ്ചിനീയറിങ്ങില്‍ പിഎച്ച്‌ഡിയും നേടി. എംടെക്കില്‍ ഒന്നാം റാങ്കുകാരനായ അദ്ദേഹത്തിന് ഐഐടിയില്‍ നിന്നും വെള്ളി മെഡല്‍ നേടാനായി. ആസ്‌ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.


Read Previous

ബോബി ചെമ്മണൂരിനെ ജയിലിൽ മൂന്ന് വിഐപികൾ സന്ദർശിച്ചു?; രഹസ്യാന്വേഷണ റിപ്പോർട്ട്, രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ കാണാൻ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോ​ഗസ്ഥൻ

Read Next

നിലമ്പൂരിലേത് അസ്വാഭാവിക സാഹചര്യം; അൻവറിന്റെ നിർദേശം തള്ളാനും കൊള്ളാനുമില്ല: കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »