കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയം: സ്ത്രീയെന്ന പരിഗണന നൽകിയില്ല, വസ്ത്രം വലിച്ചുകീറി, വാഹനത്തിലേക്ക് വലിച്ചിഴച്ചു’; കടത്തിക്കൊണ്ടുപോയത് സിപിഎം നേതാക്കളെന്ന് കല രാജു


കൊച്ചി: തന്നെ കടത്തിക്കൊണ്ടുപോയത് പാര്‍ട്ടി നേതാക്കളെന്ന് സിപിഎം കൗണ്‍സിലര്‍ കല രാജു. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി. വാഹനത്തിലേക്ക് വലിച്ചിഴച്ചതായും കല രാജു മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷാവസ്ഥ ഉണ്ടായിട്ടും പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ല. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് കടത്തിക്കൊണ്ട് പോയതെന്നും അവര്‍ ആരോപിച്ചു.

കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെയാണ് കൗണ്‍സിലര്‍ കല രാജുവിനെ കടത്തിക്കൊണ്ടുപോയി എന്ന പരാതി ഉയര്‍ന്നത്. ‘ഓഫീസിന്റെ വാതില്‍ക്കല്‍ വന്നിറങ്ങിയ സമയത്താണ് സംഭവം.വണ്ടിയില്‍ ഇറങ്ങിയ സമയത്ത് എന്നെ വളയുകയും എനിക്ക് നേരെ ആക്രോശിക്കുകയും ചെയ്തു.വസ്ത്രം വലിച്ചുകീറി. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി. വണ്ടിയിലേക്ക് വലിച്ചു എറിയെടാ എന്നാണ് നേതാക്കള്‍ ആക്രോശിച്ചത്.

കാല് വെട്ടുമെന്ന് സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി. എന്റെ മകനേക്കാള്‍ പ്രായം കുറഞ്ഞ ഒരു പയ്യനാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയവരില്‍ പാര്‍ട്ടിയുടെ മുഴുവന്‍ ആളുകളും ഉണ്ടായിരുന്നു.പാര്‍ട്ടിയെ ചതിച്ച് മുന്നോട്ടുപോകാനല്ല ശ്രമിച്ചത്. പരിരക്ഷ കിട്ടാതെ വന്നതോടെയാണ് അതൃപ്തി അറിയിച്ചത്. നാലുമാസം മുന്‍പ് ഇവരെ കാര്യങ്ങള്‍ അറിയിച്ചതാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയിച്ചതാണ്. എന്നാല്‍ യാതൊരു മറുപടിയും നല്‍കാതെ വന്നതോടെ യാണ് പ്രതികരിക്കാന്‍ തുടങ്ങിയത്.’ – കല രാജു പറഞ്ഞു.

‘ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ആണ് എന്നെ കൊണ്ടുപോയത്. അവിടെ വച്ച് ശാരീരികമായി ഉപദ്രവിക്കുകയോ ഒന്നും ചെയ്തില്ല. എന്നെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്. ഇത്രയും നാളും അവസരം കിട്ടിയപ്പോള്‍ എന്തുകൊണ്ടാണ് ചെയ്യാതിരുന്നത്. ഇപ്പോള്‍ അവസാന നിമിഷം ചെയ്യാന്‍ കാരണമെന്താണ് എന്നെല്ലാം ചോദിച്ചു. ഒരു ഡിവൈഎഫ്‌ഐ നേതാവ് ആണ് വണ്ടിയില്‍ കടത്തി ക്കൊണ്ടുപോയത്. എന്തിനാണ് എന്നെ ഉപദ്രവിച്ച് കൊണ്ടുപോകുന്നത് എന്ന് ചോദിച്ചു. പറഞ്ഞാല്‍ മനസിലാവുന്ന കാര്യങ്ങള്‍ അല്ലേ ഉള്ളൂ. അനുഭവങ്ങളാണ് ഉള്ളത്. ഇത്രയും സംഭവിച്ച സ്ഥിതിക്ക് നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. അവിശ്വാസ പ്രമേയം കഴിയുന്നത് വരെ അവിടെ പിടിച്ചുവച്ചിട്ട് പിന്നീട് പോയിക്കൊള്ളാന്‍ പറയുന്നതില്‍ എന്താണ് കാര്യം. അവിടെ വച്ച് നെഞ്ചുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞിരുന്നു. കഴുത്തില്‍ കുത്തിപ്പിടിച്ച് നെഞ്ചിന് പിടിച്ച് ഇടിച്ചപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഗുളിക തന്നു. മക്കളെ കാണണം, ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ പ്പോള്‍ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് അവര്‍ പറഞ്ഞത്. വൈകീട്ട് നാലരയോടെയാണ് വീട്ടില്‍ എത്തിച്ചത്. മര്‍ദ്ദിച്ചതിനേക്കാള്‍ അപകീര്‍ത്തിപ്പെടുത്തുന്ന സംസാരമാണ് എനിക്ക് ഏറ്റവുമധികം വേദന ഉണ്ടാക്കിയത്.’ – കല രാജു ആരോപിച്ചു.

കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികള്‍. നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്ന സിപിഎം, തങ്ങള്‍ 13 കൗണ്‍സിലര്‍മാരോടും അവി ശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാര്‍ട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സമയം കഴിഞ്ഞപ്പോള്‍ കലാ രാജുവടക്കം എല്ലാവരും വീട്ടില്‍ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്. എല്‍ ഡി എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാന്‍ ഇരിക്കവെയാണ് രാവിലെ നാടകീയ രംഗങ്ങള്‍ ഉണ്ടായത്. പൊലീസ് നോക്കിനില്‍ക്കെ സിപിഎം കൗണ്‍സിലര്‍മാര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു.


Read Previous

ദർശനം നടത്തിയത് 50ലക്ഷത്തിലധികം പേർ; പമ്പയിൽ നിന്ന് ഭക്തരെ കയറ്റിവിടുക ഇന്ന് വൈകീട്ട് ആറുവരെ, ശബരിമല നട നാളെ അടയ്ക്കും

Read Next

ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല, അത് ഞാൻ നടപ്പാക്കി’; ഉമ്മയെ കൊന്ന ആഷിഖ് നാട്ടുകാരോട് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »