
തിരുവനന്തപുരം: യുവനടനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതിയും മൊഴിയും നല്‍കി. വീട്ടുകാരില്‍ നിന്നും സമ്മര്‍ദ്ദം ഉള്ളതിനാല്‍ ആര്‍ക്കെതിരെയാണ് പരാതി എന്ന് വെളിപ്പെടുത്തില്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. നടന്റെ പേര്, ലൊക്കേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുവനടനെ തിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തമായി ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുമ്പോള്‍, പിന്നീട് എന്റെ ഇഷ്ടമനു സരിച്ച് മാറ്റിമറിക്കാനൊന്നും പറ്റില്ലല്ലോയെന്ന് നടി പ്രതികരിച്ചു.. നടന്ന കാര്യമല്ലേ പറയാന്‍ കഴിയൂ. നടന്ന കാര്യം ഒരാളെ ബാധിക്കുമെങ്കില്‍, അത് സുഹൃത്തായാലും അച്ഛനായാലും അമ്മയായാലും പറഞ്ഞല്ലേ പറ്റൂ എന്നും നടി വ്യക്തമാക്കി. രാത്രി പന്ത്രണ്ടരയ്ക്ക് ദുബായില്‍ നിന്നും, ഡിജിപി എന്ന് ഫേക്ക് ആയിട്ടുള്ള നമ്പറില്‍ നിന്നെല്ലാം കോളുകള്‍ വരുന്നുണ്ട്.
നമ്മള്‍ എതിര്‍ക്കുന്നത് വലിയൊരു സംഘത്തെ ആയതുകൊണ്ട് പല തരത്തിലുള്ള ഭീഷണികളും ഉണ്ടാകുമായിരിക്കാം. എന്നാല്‍ താന്‍ അതിനെയൊന്നും ഭയക്കുന്നില്ല. മൂന്നുപേരുടെ പരാമര്‍ശങ്ങളാണ് താന്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇതില്‍ നേരിട്ട് പ്രശ്‌നമു ണ്ടായ ആളുടെ പേര് പൊലീസിന് നല്‍കിയിട്ടുണ്ട്. മറ്റു രണ്ടുപേരില്‍ ഒരാള്‍ മരിച്ചു പോയ ഹാസ്യനടനും മറ്റൊരു സംവിധായകനുമാണ്.
സംവിധായകന്‍ സെറ്റിലെ പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത് അറിഞ്ഞപ്പോള്‍, സിനിമയ്ക്ക് വേണ്ടി ഈ പ്രായത്തില്‍ ഇത്തരമൊരു പ്രവൃത്തി യിലേക്ക് പോകരുതെന്ന് പെണ്‍കുട്ടികളോട് പറഞ്ഞു. ഇപ്പോള്‍ ഇതിനു തയ്യാറായാല്‍ തുടര്‍ന്ന് എല്ലാ സിനിമയ്ക്കു വേണ്ടിയും അഡ്ജസ്റ്റുമെന്റുകള്‍ക്ക് വഴങ്ങേണ്ടി വരുമെന്നും പെണ്‍കുട്ടികളെ ഉപദേശിച്ചിരുന്നതായും നടി പറഞ്ഞു.
ഇന്നു രാവിലെയാണ് സിനിമാസെറ്റില്‍ കടന്നു പിടിച്ച നടനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൈമാറിയത്. അന്വേഷണ സംഘത്തിന് എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്ന് നടി പറഞ്ഞു. താന്‍ മാധ്യമങ്ങളോട് ഒരു നടന്റെ പേരും പറഞ്ഞിട്ടില്ല. തനിക്കുണ്ടായ ദുരനുഭവമാണ് പറഞ്ഞത്. നടന്റെ പേരു പറഞ്ഞാല്‍ ഇപ്പോള്‍ ചെയ്യുന്ന സിനിമയെ ആളുകള്‍ ഡീ ഗ്രേഡ് ചെയ്യുമെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
അതിനാല്‍ സിനിമാ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവും, കുടുംബത്തിന്റെ എതിര്‍പ്പും മക്കളുടെ ഭാവിയും കണക്കിലെടുത്താണ് മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്താത്തത്. സിനിമാ സെറ്റിലുണ്ടായ കടന്നാക്രമണം ഉള്‍പ്പെടെ വിശദമായി പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസര്‍ എസ്പി ജി പൂങ്കുഴലിക്ക് വിശദമായ മൊഴി നല്‍കിയതായും നടി പറഞ്ഞു.